ഇഎസ്‌എ വിഷയത്തിൽ മുഖ്യമന്ത്രി ജനപക്ഷത്ത് നിൽക്കണം: പിണറായി വിജയൻ
കട്ടപ്പന: പരിസ്ഥിതി ലോലപ്രദേശം (ഇഎസ്‌എ) ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ നീക്കങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജനപക്ഷ നിലപാട് സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. ജനങ്ങൾക്കും കർഷകർക്കും നാടിനാകെയും ദോഷകരമായേക്കാവുന്ന വിഷയങ്ങളിൽ സർക്കാർ മൗനം പാലിക്കരുതെന്നും കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കട്ടപ്പനയിൽ കേരള കർഷകസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ.
ഗാഡ്ഗിൽ റിപ്പോർട്ട് അതേപടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ മുൻകാല നിലപാടായിരുന്നുവെന്നും ഈ വിഷയത്തിൽ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടെന്നും പിണറായി പറഞ്ഞു. ഇത്തരം നിലപാടുകൾ ആവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇഎസ്‌എ പരിധി കുറച്ചത് എൽഡിഎഫ് സർക്കാർ
2010ൽ യുപിഎ സർക്കാരാണ് പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാൻ മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. മലയോര ജനതയെ സ്വന്തം ഭൂമിയിൽനിന്ന് പുറത്താക്കാൻ ഇടയാക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് കമ്മിഷൻ സമർപ്പിച്ചതെന്ന് പിണറായി വിജയൻ ആരോപിച്ചു.
തുടർന്ന് കസ്തൂരിരംഗൻ കമ്മിഷൻ നിലവിൽ വന്നു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനപ്രകാരം കേരളത്തിലെ 131 വില്ലേജുകളിലായി 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്‌എയായി നിർദേശിക്കപ്പെട്ടു. ഇതിൽ ഇടുക്കിയിലെ 47 വില്ലേജുകളിലായി 3,288 ചതുരശ്ര കിലോമീറ്ററും ഉൾപ്പെട്ടിരുന്നു.
വ്യാപക പ്രതിഷേധത്തെ തുടർന്ന് യുഡിഎഫ് സർക്കാർ ഉമ്മൻ ബി. ഉമ്മൻ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്ററും ഇടുക്കിയിലെ 47 വില്ലേജുകളിലായി 2,651.17 ചതുരശ്ര കിലോമീറ്ററും ഇഎസ്‌എയായി കണ്ടെത്തി. റിപ്പോർട്ട് 2014 മാർച്ച് 10ന് കേന്ദ്രസർക്കാരിന് സമർപ്പിച്ചു.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ റിപ്പോർട്ടിലെ അപാകതകൾ പരിഹരിച്ച് ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു. ശാസ്ത്രീയവും സമഗ്രവുമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ 2018 ഓഗസ്റ്റ് 10ന് കേരളം കേന്ദ്രസർക്കാരിന് നിർദേശം സമർപ്പിച്ചു.
ഇതനുസരിച്ച് ഇഎസ്‌എ പരിധി 8,656.4 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കുകയും ഇഎസ്‌എ വനമേഖലയിൽ മാത്രം നിജപ്പെടുത്തണമെന്ന നിലപാട് കേരളം വ്യക്തമാക്കുകയും ചെയ്തു. കൃഷി, ജനവാസ, തോട്ടം മേഖലകൾ ഉൾപ്പെടെ 4,548 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്‌എ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.
എന്നാൽ സംസ്ഥാനത്തിന്റെ നിലപാട് അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളം നേരത്തെ സ്വീകരിച്ച നിലപാട് അംഗീകരിപ്പിക്കാൻ നിലവിലെ സർക്കാരും ഫലപ്രദമായി ഇടപെടണം. എംപിമാർ ആലസ്യം വെടിഞ്ഞ് വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാമിനാഥൻ കമ്മിഷൻ ശുപാർശ നടപ്പാക്കണം
സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ തന്നെ ലഭിച്ചതാണെങ്കിലും അത് നടപ്പാക്കാൻ തയ്യാറായില്ലെന്ന് പിണറായി വിജയൻ ആരോപിച്ചു. നരേന്ദ്ര മോദി സർക്കാരും റിപ്പോർട്ട് നടപ്പാക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ നാടിന്റെ പൊതുതാൽപര്യത്തിന് യോജിക്കുന്നതല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് എൻ.വി. ബേബി അധ്യക്ഷത വഹിച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, എം.എം. മണി, സി.വി. വർഗീസ്, കെ.പി. മേരി, കെ.എസ്. മോഹനൻ, റോമിയോ സെബാസ്റ്റ്യൻ, ജോയ്സ് ജോർജ്, വി.ആർ. സജി, മാത്യു ജോർജ് എന്നിവർ പ്രസംഗിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി കട്ടപ്പന ടൗൺ ഹാൾ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധി പേർ അണിനിരന്നു.





