വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കും; ഇടുക്കിക്ക് പ്രത്യേക പരിഗണന: മന്ത്രി സണ്ണി ജോസഫ്
ഇടുക്കി: വൈദ്യുതി ഉൽപാദനം, പ്രസരണം, വിതരണം എന്നീ മേഖലകളിലെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിച്ച് വൈദ്യുതി മേഖലയെ കൂടുതൽ ജനസൗഹൃദമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയുടെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവലോകനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മൂലമറ്റം പവർ സ്റ്റേഷനും ഇടുക്കി ഡാമും സന്ദർശിച്ച ശേഷമാണ് മന്ത്രി അവലോകന യോഗത്തിൽ പങ്കെടുത്തത്. കേരളത്തിന്റെ പവർ ഹൗസായ ഇടുക്കി ഡാമിന്റെയും പവർ ഹൗസിന്റെയും പ്രവർത്തനം അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ഇടുക്കിയുടെ പ്രത്യേക ഭൂപ്രകൃതി, ഗതാഗതപ്രശ്നങ്ങൾ തുടങ്ങിയവ കണക്കിലെടുത്ത് ജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകും. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിൽ വൈദ്യുതി പ്രസരണ-വിതരണ മേഖലയിൽ പുരോഗമിക്കുന്ന വിവിധ പദ്ധതികളും യോഗത്തിൽ വിലയിരുത്തി.
ഭൂമി കൈമാറ്റ തർക്കം പരിഹരിക്കാൻ യോഗം
1976ൽ ഇടുക്കി വികസന അതോറിറ്റിക്കായി ഏറ്റെടുത്ത ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ പഞ്ചായത്തുമായുള്ള തർക്കം പരിഹരിക്കുന്നതിന് വനം, വൈദ്യുതി വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇടുക്കിയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു.
പുതിയ സെക്ഷൻ ഓഫീസുകളും സബ്‌സ്റ്റേഷനുകളും ആരംഭിക്കണമെന്ന ആവശ്യവും പരിഗണിക്കും.
ഇഎസ്‌എ വിഷയത്തിൽ കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കും
പരിസ്ഥിതി ലോല മേഖലയിൽ (ഇഎസ്‌എ) നിന്ന് ജനവാസമേഖലകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് കേന്ദ്രസർക്കാരിന് മുന്നിൽ കൂടുതൽ ശക്തമായി ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓരോ സംസ്ഥാനത്തിന്റെയും വിഷയങ്ങൾ പ്രത്യേകം പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി ഇഎസ്‌എ വിഷയത്തിൽ സമയബന്ധിതമായി പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനപ്രതിനിധികളുടെ ആവശ്യങ്ങൾ
ഇടമലക്കുടിയിലെ വൈദ്യുതിയെത്താത്ത വീടുകളിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇടമലക്കുടിക്കായി സമഗ്ര വികസന പാക്കേജ് നടപ്പാക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. മൂന്നാർ-മാട്ടുപ്പെട്ടി ഡാമിന് മുകളിലൂടെയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി ക്വാർട്ടേഴ്‌സുകൾ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീടുകളിൽ സ്ഥാപിച്ച സോളാർ പാനലുകളിൽനിന്ന് വൈദ്യുതി ഗ്രിഡിലേക്ക് നൽകുമ്പോഴുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു. വൈദ്യുതി പോസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മെറ്റീരിയൽ മാനേജ്‌മെന്റ് കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് 10 ദിവസത്തേക്ക് ഇടുക്കി ഡാം തുറന്നുകൊടുക്കുന്ന നടപടി ഓണത്തിനു ശേഷവും തുടരണമെന്ന് റോയ് കെ. പൗലോസ് എം.എൽ.എ ആവശ്യപ്പെട്ടു. നിർമല സിറ്റി സബ്‌സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് പട്ടയമുള്ളവർക്കും പട്ടയമില്ലാത്തവർക്കും തുല്യ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
16 കോടി രൂപ ചെലവിൽ നടപ്പാക്കിയ ആമപ്പാറ സോളാർ പ്ലാന്റ് പദ്ധതി നിലവിൽ കാടുപിടിച്ചുകിടക്കുകയാണെന്ന് സേനാപതി വേണു എം.എൽ.എ ചൂണ്ടിക്കാട്ടി. ആനയിറങ്കൽ ഡാമിൽ ബോട്ടിങ് പുനരാരംഭിക്കണമെന്നും കല്ലാർ ഡാമിലെ ചെളിയും എക്കലും നീക്കം ചെയ്യാൻ ഡ്രെഡ്ജിങ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാഗമണിൽ പുതിയ സെക്ഷൻ ഓഫീസ് ആരംഭിക്കണമെന്ന് സിറിയക് തോമസ് എം.എൽ.എ ആവശ്യപ്പെട്ടു.
കട്ടപ്പന നഗരസഭാ ചെയർമാൻ ജോയ് വെട്ടിക്കുഴി, തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൺ സാബിറ ജലീൽ, ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജനറേഷൻ ഇലക്ട്രിക്കൽ ആൻഡ് സിവിൽ വിഭാഗം ഡയറക്ടർ രാജൻ എം.പി എന്നിവരും യോഗത്തിൽ പങ്കെടുത്തു.





