സ്കൂൾ പാചക തൊഴിലാളികളുടെ പ്രശ്നങ്ങൾ: മന്ത്രിസഭ യോഗത്തിൽ നിർണായക തീരുമാനങ്ങൾ
കേരള ജേർണൽ സെൽഫി റിപ്പോർട്ട്
തിരുവനന്തപുരം: സ്കൂൾ പാചക തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രി അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ . പാചക തൊഴിലാളി സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
മുഖ്യ തീരുമാനങ്ങൾ:
ഓണറേറിയം ഓരോ മാസവും അഞ്ചാം തീയതിക്ക് മുൻപ് വിതരണം ചെയ്യാൻ ധനവകുപ്പുമായി ചർച്ച നടത്തും. കേന്ദ്ര വിഹിതം ലഭിക്കാതിരുന്നാലും സംസ്ഥാന വിഹിതം ഉപയോഗിച്ച് വിതരണം നടപ്പാക്കും.
നിയമനം സംബന്ധിച്ചുള്ള 300:1 അനുപാതം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
വിരമിക്കൽ പ്രായം 65 വയസ്സായി നിശ്ചയിച്ചു. ആനുകൂല്യങ്ങൾ സംബന്ധിച്ച് ട്രേഡ് യൂണിയനുകൾക്ക് അഭിപ്രായം രേഖാമൂലം നൽകാൻ നിർദ്ദേശം നൽകി.
യൂണിഫോം, തിരിച്ചറിയൽ കാർഡ് നൽകാൻ ഉച്ചഭക്ഷണ സമിതിക്ക് നിർദ്ദേശം നൽകും.
ക്ഷേമനിധി ബോർഡിൽ ഉൾപ്പെടുത്തൽ, മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനപരിഷ്‌കരണങ്ങൾക്കായി ലേബർ സെക്രട്ടറിയേയും കമ്മീഷണറെയും ചുമതലപ്പെടുത്തി.
യോഗത്തിൽ എംഎൽഎ ടി.പി. രാമകൃഷ്ണൻ, ലേബർ സെക്രട്ടറി ഡോ. കെ. വാസുകി, ഡയറക്ടർ ഷാനവാസ് എസ്.ഐ.എ.എസ്, കമ്മീഷണർ ഷഫ്‌ന നസുരുദ്ദീൻ, അഡീഷണൽ സെക്രട്ടറി ഡോ. ചിത്ര എസ്. എന്നിവരും പങ്കെടുത്തു.






