സർക്കാരിന്റെ ഓൺലൈൻ മദ്യവിൽപ്പന തീരുമാനം പിൻവലിക്കണം; ജനകീയ പ്രക്ഷോഭത്തിന് മുന്നറിയിപ്പുമായി കെസിബിസി മദ്യവിരുദ്ധ സമിതി
കട്ടപ്പന: മദ്യവിൽപ്പന നയം ജനദ്രോഹമാണെന്നാരോപിച്ച് സർക്കാരിന്റെ ഓൺലൈൻ മദ്യവിൽപ്പന പദ്ധതി ഉടൻ പിൻവലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ഇടുക്കി രൂപത ആവശ്യപ്പെട്ടു. പദ്ധതി നടപ്പിലാക്കിയാൽ സംസ്ഥാനത്ത് മദ്യാസക്തിയും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കുത്തനെ വർധിക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി.
യുവാക്കളും വിദ്യാർത്ഥികളും എളുപ്പത്തിൽ മദ്യത്തിന് അടിമപ്പെടാൻ സാധ്യതയുള്ളതിനാൽ ഓൺലൈൻ വഴി വീടുതോറും മദ്യം എത്തിക്കുന്ന സംവിധാനം സാമൂഹികരംഗത്ത് വലിയ ദുരന്തത്തിന് വഴിവയ്ക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. “ജനാരോഗ്യവും കുടുംബജീവിതവും തകർക്കുന്ന പദ്ധതികളിൽ സർക്കാർ നിന്ന് പിന്തിരിയണം. ഭാവി തലമുറയുടെ സുരക്ഷയും ക്ഷേമവുമാണ് മുൻഗണന ലഭിക്കേണ്ടത്” എന്നും അവർ വ്യക്തമാക്കി.
സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ സംസ്ഥാനത്ത് 29 ബാറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു, എന്നാൽ ഇപ്പോൾ 700-ൽപ്പരം ബാറുകളും വിദേശമദ്യശാലകളും പ്രവർത്തിക്കുന്നുവെന്ന കണക്ക് ഉന്നയിച്ചുകൊണ്ട്, മദ്യവർജനം വാഗ്ദാനം ചെയ്ത ഭരണകൂടം മദ്യവ്യാപാരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് സമിതി ആരോപിച്ചു.
ഓൺലൈൻ മദ്യവിൽപ്പനയിൽ സർക്കാർ ഉറച്ചുനിൽക്കുകയാണെങ്കിൽ, രൂപതാതലത്തിലും ജില്ലാതലത്തിലും ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് രൂപത ഡയറക്ടർ ഫാ. തോമസ് വലിയമംഗലം, പ്രസിഡന്റ് സിൽബി ചുനയൻ മാക്കൽ, ജനറൽ സെക്രട്ടറി റോജസ് എം. ജോർജ് എന്നിവർ വ്യക്തമാക്കി





