മോദി സർക്കാരിന്റെ 12-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം; സംസ്ഥാനത്ത് രണ്ട് ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും

മോദി സർക്കാരിന്റെ 12-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം; സംസ്ഥാനത്ത് രണ്ട് ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും

കട്ടപ്പന: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തി 12 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളവും രാജ്യവ്യാപകമായും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.

"പന്ത്രണ്ട് വർഷത്തെ വിശ്വാസം, വികസനം, ജനക്ഷേമം" എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടികൾ നടക്കുന്നതെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല അറിയിച്ചു.

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 വരെയാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ഓരോ ബൂത്തിലും പത്ത് വൃക്ഷത്തൈകൾ വീതം നട്ടുപിടിപ്പിച്ച് ആകെ രണ്ട് ലക്ഷം തൈകൾ വച്ചുപിടിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

ഇടുക്കിയിൽ നാളെ ജില്ലാതല ഉദ്ഘാടനം

ഇടുക്കി സൗത്ത് ജില്ലയിലെ വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഔദ്യോഗിക ജില്ലാതല ഉദ്ഘാടനം ജൂൺ 4-ന് വൈകിട്ട് 4 മണിക്ക് കഞ്ഞിക്കുഴിയിൽ നടക്കും. പരിപാടി ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് ഉദ്ഘാടനം ചെയ്യും. ജൂൺ 5-ന് ജില്ലയിലെ എല്ലാ ബൂത്തുകളിലും നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.