ഇല നേച്ചർ ഫൗണ്ടേഷൻ്റെ “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് ജൂൺ 5 ന് തുടക്കമാകും
മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. നിർവഹിക്കും
കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ ഇല നേച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് പരിസ്ഥിതി ദിനമായ ജൂൺ 5-ന് തുടക്കമാകും. മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. നിർവഹിക്കും.
ആദ്യഘട്ടത്തിൽ ഇടുക്കി ജില്ലയിലെ 50 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ഫലവൃക്ഷങ്ങളുടെ തൈകൾ എൻ.എസ്.എസ്. യൂണിറ്റുകളുടെയും സ്കൂൾ നേച്ചർ ക്ലബ്ബുകളുടെയും സഹകരണത്തോടെ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ് പദ്ധതി. മൂന്ന് വർഷം ദൈർഘ്യമുള്ള പദ്ധതിയിൽ മികച്ച രീതിയിൽ പഴത്തോട്ടം പരിപാലിക്കുന്ന സ്കൂളുകൾക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം ക്യാഷ് അവാർഡുകളും നൽകും. ഓരോ വർഷവും പ്രത്യേക വിദഗ്ധസംഘം പഴത്തോട്ടങ്ങൾ സന്ദർശിച്ച് വിലയിരുത്തലും ആവശ്യമായ നിർദേശങ്ങളും നൽകും.
പരിപാടിയിൽ ഇല സംസ്ഥാന ചെയർമാൻ സജിദാസ് മോഹൻ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഫലവൃക്ഷ തൈകളുടെ വിതരണം നിർവഹിക്കും. ഇല സംസ്ഥാന വൈസ് ചെയർമാൻ അജിത്ത് ചന്ദ്രൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രിൻസ് മറ്റുപള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. സീമ പ്രമോദ്, ബെൻസി, ബിബിൻ കെ. രാജു, മനോജ് മാളിയേക്കൽ, ജില്ലാ പ്രസിഡന്റ് ദീപാമോൾ പി.ഡി., സെക്രട്ടറി ഷിജു ഇ.എം., ട്രഷറർ അജീഷ് വി.എം., വൈസ് പ്രസിഡന്റുമാരായ ശ്രീകാന്ത് എൻ.എസ്., സെബാസ്റ്റ്യൻ എ.കെ., ജോയിന്റ് സെക്രട്ടറിമാരായ ബേസിൽ ജോയ്, രാരിച്ചൻ കണിയാമറ്റം, ബിനോയി വർക്കി എന്നിവർ സംസാരിക്കും.
പരിപാടികൾക്ക് ബിനു സി. ചാണ്ടി, കെ. ഗിരീശൻ നായർ, ജോസ് പുരയിടം, ജയേഷ് ബാലകൃഷ്ണൻ, അശോക് ഇലവന്തിങ്കൽ, അജി ഉദയഗിരി, പ്രവീണ എസ്., നിഷ ഇരട്ടയാർ, രേണുക കെ.ആർ., ജോബിൻ കെ. മാണി, സനൽ ഫോക്കസ് തുടങ്ങിയവർ നേതൃത്വം നൽകും.
സ്കൂൾ പരിസരങ്ങളിൽ ഫലവൃക്ഷ സമ്പത്ത് വർധിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


