സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെയോടെ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ തെക്കൻ കേരള തീരത്തോട് ചേർന്ന തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും മഴ ശക്തമാകാൻ കാരണമാകുന്നുണ്ട്.
ജൂൺ 4-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ജൂൺ 5-ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 6-ന് കണ്ണൂർ, കാസർകോട് ജില്ലകളിലും അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്.
അതേസമയം, ജൂൺ 4-ന് പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിലും, ജൂൺ 5-ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും, ജൂൺ 6-ന് തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ശക്തമായ മഴയായി വിലയിരുത്തുന്നത്.


