മഴക്കാല മുന്നൊരുക്കങ്ങള്‍ ശക്തമാക്കണം: മന്ത്രി അനൂപ് ജേക്കബ്

മഴക്കാല മുന്നൊരുക്കങ്ങള്‍ ശക്തമാക്കണം: മന്ത്രി അനൂപ് ജേക്കബ്

ഇടുക്കി: മഴക്കാലത്തുണ്ടാകാനിടയുള്ള അപകടങ്ങള്‍ മുന്‍കൂട്ടിക്കണ്ട് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായുള്ള നടപടികള്‍ വേഗതയോടെയും കൃത്യതയോടെയും സ്വീകരിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് നിര്‍ദേശിച്ചു. മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

മണ്ണിടിച്ചില്‍ ഇടുക്കി ജില്ലയിലെ പ്രധാന പ്രകൃതി ദുരന്തങ്ങളിലൊന്നാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഒഴിവാക്കുന്നതിനായി റോഡുകളുടെ ഭിത്തികള്‍ ശാസ്ത്രീയമായി സംരക്ഷിക്കാന്‍ ദേശീയപാതാ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ സര്‍ക്കാര്‍ സസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പോലീസിന് ഡ്രോണുകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

മഴക്കാല രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ആവശ്യമായ മരുന്നുകള്‍ ആശുപത്രികളില്‍ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ 34 അംഗ എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സി.ബി.എസ്‍.ഇ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചതായും കലക്‌ടര്‍ അറിയിച്ചു.

ഡാമുകളിലെ ജലനിരപ്പ് സുരക്ഷിത നിലയിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

വനഭൂമിയില്‍നിന്ന് റോഡുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ വനംവകുപ്പ് മുന്‍കൈയെടുക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു.

ജില്ലയില്‍ അനധികൃത നിര്‍മാണങ്ങളും സാഹസിക ടൂറിസം സംരംഭങ്ങളും വര്‍ധിച്ചുവരുന്നതായി റോയ് കെ. പൗലോസ് എം.എല്‍.എ ചൂണ്ടിക്കാട്ടി. വാര്‍ഡ് തലത്തില്‍ ഇത്തരം സ്ഥാപനങ്ങളുടെ കണക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും സുരക്ഷാ പരിശോധനയ്ക്കായി സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കലക്‌ടര്‍ അറിയിച്ചു. ജൂണ്‍ 15നകം റിപ്പോര്‍ട്ട് ലഭ്യമാകുമെന്നും സുരക്ഷിതമല്ലാത്ത സംരംഭങ്ങള്‍ക്ക് നോട്ടീസ് നല്‍കി പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപയോഗശൂന്യമായ പാറമടകള്‍ മൂടുകയോ വേലികെട്ടി സംരക്ഷിക്കുകയോ വേണമെന്ന് സേനാപതി വേണു എം.എല്‍.എ ആവശ്യപ്പെട്ടു. അപകടങ്ങള്‍ പതിവായ തൂവല്‍ വെള്ളച്ചാട്ടം പോലുള്ള സ്ഥലങ്ങളില്‍ സഞ്ചാരികളും കുട്ടികളും ഇറങ്ങാതിരിക്കാന്‍ സുരക്ഷാ വേലി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തില്‍ സിറിയക് തോമസ് എം.എല്‍.എ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ദേവികുളം സബ് കലക്‌ടര്‍ വി.എം. ആര്യ, ഇടുക്കി സബ് കലക്‌ടര്‍ അനൂപ് ഗാര്‍ഗ്, എ.ഡി.എം എസ്. ശ്രീജിത് എന്നിവര്‍ പങ്കെടുത്തു.