തങ്കമണി, വാഗമൺ പോലീസ് സ്റ്റേഷനുകളും ജില്ലാ പൊലീസ് കണ്‍ട്രോള്‍ റൂമും ഉദ്ഘാടനം ചെയ്തു

തങ്കമണി, വാഗമൺ പോലീസ് സ്റ്റേഷനുകളും ജില്ലാ പൊലീസ് കണ്‍ട്രോള്‍ റൂമും ഉദ്ഘാടനം ചെയ്തു

ഇടുക്കി: തങ്കമണി, വാഗമൺ പോലീസ് സ്റ്റേഷനുകളുടെയും ജില്ലാ പൊലീസ് കണ്‍ട്രോള്‍ റൂമിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിർവഹിച്ചു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാന പൊലീസ് സേനയിൽ സമാനതകളില്ലാത്ത മാറ്റങ്ങളാണ് നടന്നു വരുന്നതെന്ന് തങ്കമണി പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ ഓൺലൈനായി അദ്ധ്യക്ഷത വഹിച്ച മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

തങ്കമണി ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്ന സമ്മേളനത്തിൽ എം.എം. മണി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകന്നേൽ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു, വിവിധ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കൾ എന്നിവർ സംസാരിച്ചു. വാഗമൺ പോലീസ് സ്റ്റേഷൻ ഉദ്ഘാടന സമ്മേളനത്തിൽ വാഴൂർ സോമൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. ബിനു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ജില്ലാ കണ്‍ട്രോള്‍ റൂം ഉദ്ഘാടന ചടങ്ങിൽ ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. കെ.ആർ. ബിജു അദ്ധ്യക്ഷത വഹിച്ചു. ശിലാഫലക അനാച്ഛാദനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ് നിർവഹിച്ചു.

മൂന്ന് നിലകളിലായാണ് തങ്കമണി, വാഗമൺ പോലീസ് സ്റ്റേഷനുകൾ പണിതുയർത്തിയത്. ഉദ്യോഗസ്ഥർക്കുള്ള മുറികൾ, തൊണ്ടി സാധനങ്ങൾ സൂക്ഷിക്കുന്ന മുറി, റെക്കോർഡ് റൂം, മൂന്ന് ലോക്കപ്പുകൾ, വികലാംഗ സൗഹൃദ ടോയ്ലറ്റ്, വാഹന പാർക്കിംഗ് സൗകര്യം എന്നിവ ഉൾപ്പെടെ 23 മുറികളും ഒരുക്കിയിട്ടുണ്ട്. തങ്കമണി സ്റ്റേഷന്റെ നിർമ്മാണച്ചെലവ് ₹2.04 കോടി, വാഗമൺ സ്റ്റേഷന്റെ നിർമ്മാണച്ചെലവ് ₹1.99 കോടിയാണ്.

ഇരുനിലകളിലായി നിർമ്മിച്ച ജില്ലാ കണ്‍ട്രോള്‍ റൂമിന് ₹98.16 ലക്ഷം ചെലവായി. എമർജൻസി റെസ്‌പോൺസ് സിസ്റ്റം, എ.എൻ.പി.ആർ. ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളോടെ വിവിധ പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.