2026-27 അധ്യയന വർഷത്തെ ജില്ലാതല പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ നടന്നു
ഇടുക്കി ജില്ലയിലെ 2026-27 അധ്യയന വർഷത്തെ ജില്ലാതല പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ ആവേശപൂർവ്വം നടന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത റോയി കെ. പൗലോസ് എം.എൽ.എ പൊതുവിദ്യാഭ്യാസ മേഖല നമ്മുടെ നാടിൻ്റെ ഏറ്റവും വലിയ സമ്പത്താണെന്ന് പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന ഓരോ മാറ്റവും സമൂഹത്തിന്റെ മുന്നേറ്റത്തിനും പുരോഗതിക്കും വഴിയൊരുക്കുന്നതാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. വിവിധ പ്രയാസങ്ങൾ നേരിടുന്ന സമൂഹത്തിലെ ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലൂടെ കരുത്തും പിന്തുണയും നൽകുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാന ശരാശരിയേക്കാൾ മികച്ച വിജയശതമാനം ഇടുക്കി ജില്ല കൈവരിച്ചതിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച സേനാപതി വേണു എം.എൽ.എ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനായതിൽ അഭിമാനം പ്രകടിപ്പിച്ചു. ഇംഗ്ലീഷ് പഠനാവസരം പ്രയോജനപ്പെടുത്തി സമൂഹത്തിന് മാതൃകയാകുന്ന വിദ്യാർത്ഥികളായി വളരണമെന്നും വിദ്യാഭ്യാസത്തെ ലഹരിയാക്കി മറ്റ് ദുഷ്‌പ്രവണതകളെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രജനി, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, ഗ്രാമപഞ്ചായത്തംഗം റോസമ്മ മാത്യു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗീത പി.സി, എസ്.എസ്.കെ & വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.എ. ബിനുമോൻ എന്നിവരുള്‍പ്പെടെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.


