തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എസ്‌ഐടി ഓഫീസില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും തന്ത്രിയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശില്‍പത്തിലെ സ്വർണപ്പാളികള്‍ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അന്ന് മൊഴി രേഖപ്പെടുത്തിയത്. വിഗ്രങ്ങള്‍ സ്വർണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോയത് തന്റെ അനുമതിയില്ലാതെയാണെന്നും സന്നിധാനത്ത് വച്ചുതന്നെ നവീകരിക്കാനാണ് താന്‍ അനുമതി നല്‍കിയതെന്നും തന്ത്രി അന്ന് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4

തുടര്‍ന്ന്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലെത്തിച്ചത് കണ്ഠരര് രാജീവര് ആണെന്ന മൊഴിയാണ് പത്മകുമാര്‍ നല്‍കിയത്. ഈ മൊഴിയില്‍ ഇപ്പോഴും പത്മകുമാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി തന്ത്രിയെ വീണ്ടും ചോദ്യം ചെയ്തത്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലെത്തിച്ചതില്‍ തനിക്കൊരു പങ്കുമില്ലെന്ന നിലപാടില്‍ തന്ത്രി ഉറച്ചുനിന്നു.

Slide 1
Slide 2
Slide 3
Slide 4

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. പിഎംഎല്‍എ നിയമപ്രകാരം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആര്‍, അനുബന്ധ രേഖകള്‍, സാക്ഷി മൊഴികള്‍ എന്നിവ നേരത്തെ തന്നെ ഇഡിക്ക് കൈമാറിയിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രേഖകള്‍ കൈമാറിയത്.

ഈ മാസം എട്ടാം തീയതിയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതി ഡയറക്ടറേറ്റില്‍ നിന്ന് ലഭിച്ചത്. നിലവില്‍ എസ്‌ഐടി കേസില്‍ പ്രതികളായ എല്ലാവരെയും ഇഡി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. സ്വത്ത് മരവിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. കൊല്ലം കോടതിയില്‍ കസ്റ്റഡി അപേക്ഷ നാളെ തന്നെ സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.