ഉദ്ഘാടന മഹാമഹം സംഘടിപ്പിച്ച് സർക്കാർ ജനങ്ങളെ അപഹസിക്കുന്നു: ഡീൻ കുര്യാക്കോസ് എം.പി
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ സർക്കാർ ഉദ്ഘാടന മഹാമഹങ്ങൾ സംഘടിപ്പിച്ച് ജനമദ്ധ്യത്തിൽ അപഹാസ്യമാകുന്ന കാഴ്ചയാണ് നടക്കുന്നതെന്ന് എം.പി ആരോപിച്ചു. പട്ടിശേരി ഡാം ഉദ്ഘാടനം ജനങ്ങളെ പറ്റിക്കുന്ന നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു.
ഒരു പദ്ധതിയുടെ ഉദ്ഘാടനം നടത്തിയാൽ അതിന്റെ പ്രവർത്തനം ആരംഭിക്കേണ്ടതാണെങ്കിലും ഡാമിന്റെ നിർമാണം ഇതുവരെ ഏകദേശം 80 ശതമാനം മാത്രമാണ് പൂർത്തിയായിട്ടുള്ളതെന്ന് എം.പി പറഞ്ഞു. ഡാമിൽ വെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അപ്രോച്ച് റോഡുകളുടെ നിർമ്മാണം പോലും പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ മുതലെടുപ്പിനായി മാത്രമാണ് സർക്കാർ ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ച് പൊതുപണം ധൂർത്തടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 2014 നവംബറിൽ മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അനുമതിയോടെയും ജലവിഭവ മന്ത്രിയായിരുന്ന പിജെ ജോസഫിൻ്റെ നേതൃത്വത്തിലുമാണ് ഡാം പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചതെന്ന് എം.പി പറഞ്ഞു.
കുടിവെള്ള ക്ഷാമം പരിഹരിക്കുകയും കൃഷിയാവശ്യങ്ങൾക്ക് വെള്ളം ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യമെന്നും, സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഡാമിന്റെ പൂർണ പ്രയോജനം ലഭിക്കാനായി ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നിരിക്കെ രാഷ്ട്രീയ നേട്ടത്തിനായി നടത്തുന്ന ഇത്തരം നടപടികൾക്ക് ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും ഡീൻ കുര്യാക്കോസ് എം.പി കൂട്ടിച്ചേർത്തു.






