കട്ടപ്പന-പുളിയൻമല റോഡിൽ അപകടഭീഷണിയായി വൻ മരങ്ങൾ
ഇന്ന് വൈകിട്ട് മേഖലയിൽ മരം ഒടിഞ്ഞു വൈദ്യുത ലൈനിൽ വീണു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കട്ടപ്പന: കട്ടപ്പന-പുളിയൻമല റോഡിൽ റോഡരികിലെ മരങ്ങൾ അപകടഭീഷണിയുയർത്തുന്നു. മഴ ശക്തമായതോടെ മരച്ചില്ലകൾ ഒടിഞ്ഞുവീഴുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.
ഇന്നു വൈകീട്ട് പുളിയൻമലയ്ക്ക് സമീപം വലിയ മരച്ചില്ല ഒടിഞ്ഞുവീണ് വാഹനഗതാഗതം തടസ്സപ്പെട്ടു. ഒടിഞ്ഞുവീണ ചില്ല വൈദ്യുതി ലൈനിൽ പതിഞ്ഞതോടെ വൻ അപകട സാഹചര്യമാണ് ഇന്നുണ്ടായത്. തത്സമയത്ത് റവന്യൂ വകുപ്പ് കട്ടപ്പന വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനായ ശ്രീജേഷ് എസ്. നടത്തിയ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചു..
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഉടൻ കെ.എസ്.ഇ.ബിയെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടർന്ന് അഗ്‌നിരക്ഷാസേന, കെ.എസ്.ഇ.ബി., റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് സുരക്ഷിതമാക്കി മരം മുറിച്ചുമാറ്റി.
മരം ഒടിഞ്ഞുവീണതിനെത്തുടർന്ന് പ്രദേശത്ത് ദീർഘനേരം ഗതാഗത തടസം അനുഭവപ്പെട്ടു.


