ബിജെപി രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; തർക്ക സീറ്റുകളിൽ ധാരണ
ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ദില്ലിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായതായി വിവരം.
യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ നിതിൻ നവീൻ എന്നിവർ പങ്കെടുത്തു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ സംസ്ഥാന നേതാക്കളും യോഗത്തിൽ ഉണ്ടായിരുന്നു.
എം ടി രമേശ് ഇത്തവണ മത്സരിക്കില്ലെന്നാണ് വിവരം. കുമ്മനം രാജശേഖരൻ മത്സരിക്കാനിടയുണ്ടെന്ന് സൂചന. അടൂരിൽ ആശാനാഥിനെയും ആറന്മുള സീറ്റ് ഭാരത ധർമ്മ ജനസേനയ്ക്ക് നൽകാനുമാണ് നീക്കം.
സംസ്ഥാന സമിതി നേരത്തെ സമർപ്പിച്ച പട്ടിക വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ പട്ടിക പുറത്തിറക്കുക. പ്രധാന മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കി ത്രികോണ മത്സരം ഉറപ്പാക്കാനാണ് പാർട്ടി ശ്രമം.






