കാലവർഷം ലക്ഷദ്വീപിൽ എത്തി; ജൂൺ ആദ്യവാരത്തോടെ കേരളത്തിലെത്താൻ സാധ്യത
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം അറബിക്കടലിൽ പ്രവേശിച്ചതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. നിലവിൽ തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് മേഖലകളിൽ കാലവർഷക്കാറ്റ് സജീവമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജൂൺ ആദ്യവാരത്തോടെ തന്നെ മൺസൂൺ കേരള തീരത്തേക്ക് എത്തിയേക്കുമെന്നാണ് പ്രവചനം.
പതിവിലും നേരത്തെ തന്നെ ആൻഡമാൻ, ശ്രീലങ്കൻ തീരങ്ങളിൽ കാലവർഷക്കാറ്റ് എത്തിയിരുന്നെങ്കിലും കേരളത്തിലേക്കുള്ള ഇതിന്റെ പ്രവേശനത്തിന് നേരിയ താമസം നേരിടുന്നുണ്ട്. അറബിക്കടലിലെ സംവഹന പ്രക്രിയ (convection) നിലവിൽ ശക്തമല്ലാത്തതും പടിഞ്ഞാറൻ കാറ്റിന്റെ വേഗത കുറഞ്ഞതുമാണ് ഈ വൈകലിന് കാരണം.
എന്നാൽ വരും ദിവസങ്ങളിൽ അന്തരീക്ഷ സാഹചര്യങ്ങൾ അനുകൂലമാകുമെന്നും കാറ്റിന്റെ ശക്തി വർദ്ധിക്കുന്നതോടെ കാലവർഷം കൂടുതൽ സജീവമായി കേരളത്തിലേക്ക് വ്യാപിക്കുമെന്നുമാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ വിലയിരുത്തൽ.




