സ്വകാര്യ ബസ് മേഖലയെ തകര്‍ക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മോട്ടോര്‍ ഫെഡറേഷന്‍
ഇടുക്കി: ദീര്‍ഘദൂര സര്‍വീസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കാതെയും കോടതിവിധികള്‍ അംഗീകരിക്കാതെയും സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എന്‍. രവീന്ദ്രന്‍ പറഞ്ഞു. ഇടുക്കി ജില്ലാ മോട്ടോര്‍ മസ്ദൂര്‍ സംഘം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറിമാറി വരുന്ന സര്‍ക്കാരുകളുടെ വികലമായ മോട്ടോര്‍ നയങ്ങള്‍ സ്വകാര്യ ബസ് മേഖലയെയും തൊഴിലാളികളെയും തകര്‍ക്കുന്നുവെന്നും, ഒരുകാലത്ത് 35,000 ഓളം ബസുകള്‍ സര്‍വീസ് നടത്തിയിരുന്നിടത്ത് ഇന്ന് അത് ഏകദേശം 7,000 ആയി ചുരുങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രവണത തുടർന്നാല്‍ സ്വകാര്യ ബസ് മേഖല പൂര്‍ണമായും നിരത്തില്‍നിന്ന് അപ്രത്യക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് ജി.ടി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.സി. സിനിഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.പി. റെജികുമാര്‍, യൂണിയന്‍ ജില്ലാ ഭാരവാഹികളായ ബി. വിജയന്‍, മനോജ്, രാജേഷ് സുരേന്ദ്രന്‍, ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തില്‍ പുതിയ ഭാരവാഹികളായി എം.പി. റെജികുമാര്‍ (ജില്ലാ പ്രസിഡന്റ്), ബി. വിജയന്‍ (ജനറല്‍ സെക്രട്ടറി), രാജേഷ് സുരേന്ദ്രന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു





