മൊബൈല്‍ പാസ്‌പോര്‍ട്ട് സേവന വാന്‍ വീണ്ടും ജില്ലയില്‍: വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍

മൊബൈല്‍ പാസ്‌പോര്‍ട്ട് സേവന വാന്‍ വീണ്ടും ജില്ലയില്‍: വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍

ഇടുക്കി: ജില്ലയിലെ ജനങ്ങളുടെ ആവശ്യാനുസരണം മൊബൈല്‍ പാസ്‌പോര്‍ട്ട് സേവന വാന്‍ വീണ്ടും എത്തുന്നു. കഴിഞ്ഞ മാസം വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്ന പദ്ധതി ഇനി പുതുക്കിയ തീയതികളോടെ തുടര്‍ന്നു നടത്തും.

Slide 1
Slide 2
Slide 3
Slide 4

ഇതനുസരിച്ച്‌ 22ന് കുമളി, 23ന് വണ്ടിപ്പെരിയാർ, 24ന് പീരുമേട്, 28ന് ഏലപ്പാറ, 29ന് വാഗമണ്‍, 30ന് മൂലമറ്റം, മേയ് 6ന് മാങ്കുളം, 7ന് പൈനാവ്, 8ന് തൊടുപുഴ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടമായി മുന്നാര്‍, രാജാക്കാട്, അടിമാലി എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ നടന്നിരുന്നു.

ഗ്രാമപ്രദേശങ്ങളിലെയും വിദൂര മേഖലയിലെയും ജനങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് സേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫ്യ്സ് നടപ്പാക്കുന്ന പദ്ധതിയാണ് മൊബൈല്‍ പാസ്‌പോര്‍ട്ട് സേവന വാന്‍. പാസ്പോർട്ട് സേവ പ്രോഗ്രാം 2.0ന്റെ ഭാഗമായാണ് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. റീജിയണൽ പാസ്പോർട്ട് ഓഫീസ് കൊച്ചിയും തപാല്‍ വകുപ്പും ചേര്‍ന്നാണ് മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളിലായി സേവനവാന്‍ വിന്യസിക്കുന്നത്.

ഓരോ കേന്ദ്രത്തിലും നിശ്ചിത ദിവസങ്ങളില്‍ വാന്‍ എത്തി പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കും. സേവനം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച ശേഷം അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. ആവശ്യമായ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെബ്‌സൈറ്റിലെ സേവന വിഭാഗത്തില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. മൊബൈല്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം.

ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാര്‍ക്ക് ദൂരെ യാത്ര ചെയ്യാതെ തന്നെ പാസ്‌പോര്‍ട്ട് സേവനം ലഭ്യമാക്കുന്നതില്‍ ഈ പദ്ധതി ഏറെ സഹായകരമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ അപേക്ഷകള്‍, കാലാവധി തീരാനിരിക്കുന്ന പാസ്‌പോര്‍ട്ടുകളുടെ പുതുക്കല്‍ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ലഭ്യമാകും. ഓരോ ദിവസവും 30 പേര്‍ക്ക് വീതമാണ് ക്യാമ്പില്‍ സേവനം ലഭിക്കുക.