നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി കുറ്റം സമ്മതിച്ചു

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി കുറ്റം സമ്മതിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിയായ സജി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പച്ചടി പൊന്‍തിട്ടയില്‍ താമസിച്ചിരുന്ന മേരിക്കുട്ടി (70)യും മകന്‍ റെജി (54)യും കൊല്ലപ്പെട്ട സംഭവത്തിലാണ് സജിയുടെ സമ്മതം.

മേരിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്ന് തിങ്കളാഴ്ച രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരേ കുഴിയിലാക്കി മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനും വേഗത്തില്‍ ജീര്‍ണിക്കാനും കുമ്മായം വിതറിയതായും കണ്ടെത്തി. ഫൊറന്‍സിക് പരിശോധനകള്‍ക്ക് ശേഷമേ പൂര്‍ണമായ സ്ഥിരീകരണം സാധ്യമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സജിയെ കണ്ടെത്താന്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഡ്രോണ്‍, പോലീസ് നായകള്‍ എന്നിവയുടെ സഹായത്തോടെയായിരുന്നു അന്വേഷണം. സമീപത്തെ ഏലത്തോട്ടങ്ങളില്‍ ഇയാള്‍ ഒളിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു തിരച്ചില്‍.

ഇന്നലെ മുതല്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്ന് സജി നാട്ടുകാര്‍ക്ക് മുന്നിലേക്ക് എത്തി കീഴടങ്ങുകയായിരുന്നു. ഭക്ഷണം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഇയാള്‍ പുറത്തുവന്നതെന്ന് സൂചന. “തനിക്ക് തെറ്റുപറ്റി” എന്നായിരുന്നു സജിയുടെ പ്രതികരണം. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

ഇതിന് മുമ്പ്, പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടെയാണ് സജി രക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പറമ്പിന് സമീപത്ത് നിന്ന് ഇയാളുടെ ബാഗ് കണ്ടെത്തിയിരുന്നു.

മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് മകള്‍ സിനി ഞായറാഴ്ച പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പത്താം തീയതി മുതല്‍ ഇവരെ കാണാതായതിനെ കുറിച്ച് നാട്ടുകാര്‍ ചോദിച്ചതിന് ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിനായി പോയെന്നാണ് സജി പറഞ്ഞിരുന്നത്.

അതേസമയം, 2018ല്‍ മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യു കാണാതായ സംഭവത്തിലും സജിയുടെ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുതുടങ്ങി. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും കൊലപാതകത്തിന്റെ പൂര്‍ണ പശ്ചാത്തലം വ്യക്തമാക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.