ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാളെ രാവിലെ 8 മുതല്‍ വോട്ടെണ്ണൽ

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാളെ രാവിലെ 8 മുതല്‍ വോട്ടെണ്ണൽ

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നടക്കും. പീരുമേട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുട്ടിക്കാനം മരിയഗിരി ഇഎംഎച്ച്‌എസ്‌എസിലും ദേവികുളം മണ്ഡലത്തിലെത് മൂന്നാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

വോട്ടെണ്ണലിനായി അഞ്ച് റിട്ടേണിംഗ് ഓഫീസര്‍മാരും 39 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരും 116 സൂക്ഷ്മനിരീക്ഷകരും 116 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും 140 കൗണ്ടിംഗ് അസിസ്റ്റന്റുമാരുമടങ്ങുന്ന 411 ഉദ്യോഗസ്ഥരാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഓരോ റൗണ്ടിലും പരമാവധി 14 ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളാണ് എണ്ണുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക.

ഓരോ കേന്ദ്രത്തിലും പരമാവധി 14 കൗണ്ടിംഗ് മേശകള്‍ ക്രമീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ക്കായി 500 എണ്ണം വീതം പ്രത്യേക കൗണ്ടിംഗ് ടേബിളുകളും ഓരോന്നിനും ഓരോ എആര്‍ഒമാരെയും നിയോഗിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ വീഡിയോ റെക്കോര്‍ഡിംഗ് നടത്തിയാണ് സ്ട്രോംഗ് റൂമുകള്‍ തുറക്കുക.

വോട്ടെണ്ണലിനിടെ കണ്ട്രോള്‍ യൂണിറ്റിനൊപ്പം ഫോം 17 സി മേശപ്പുറത്ത് വയ്ക്കും. വോട്ടിംഗ് യന്ത്രങ്ങളിലും ബൂത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളിലും വ്യത്യാസം കണ്ടെത്തിയാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. ഓരോ റൗണ്ടിലും രണ്ട് യന്ത്രങ്ങള്‍ നിരീക്ഷകന്‍ പ്രത്യേകം പരിശോധിക്കുകയും ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ വിവിപാറ്റ് നിര്‍ബന്ധമായും പരിശോധിക്കുകയും ചെയ്യും.

കര്‍ശന നിര്‍ദേശങ്ങള്‍

വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിക്കുന്ന സ്ഥാനാര്‍ഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് വ്യക്തമായി ധരിക്കണം. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പ് നിയമന ഉത്തരവിന്റെ പകര്‍പ്പ് റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

അനുവദിച്ചിട്ടുള്ള ടേബിളുകളിലോ ബാരിക്കേഡിന് പിന്നിലുള്ള ഇരിപ്പിടങ്ങളിലോ മാത്രമേ ഇരിക്കാവൂ. വോട്ടെടുപ്പിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ നിയമപരമായ ബാധ്യത എല്ലാവരും പാലിക്കണം. ഇവിഎമ്മുകളോ തെരഞ്ഞെടുപ്പ് രേഖകളോ സ്പര്‍ശിക്കാന്‍ അനുവാദമില്ല.

സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ കൗണ്ടിംഗ് ഏജന്റുമാരായി നിയമിക്കാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെയോ അച്ചടക്കലംഘനം നടത്തുന്നവരെയോ ഹാളില്‍നിന്ന് പുറത്താക്കും. സാധുവായ പാസ് ഉള്ളവര്‍ക്കും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക.