ജൂൺ 1ന് തന്നെ സ്‌കൂളുകൾ തുറക്കും; ഒരുക്കങ്ങൾ വിലയിരുത്തി ഉന്നതതല യോഗം

ജൂൺ 1ന് തന്നെ സ്‌കൂളുകൾ തുറക്കും; ഒരുക്കങ്ങൾ വിലയിരുത്തി ഉന്നതതല യോഗം

സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിൽ ഉന്നതതല യോഗം ചേർന്നു. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് നിർണായക യോഗം നടന്നത്. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

എൽപിജിയിൽ നിന്ന് പി.എൻ.ജിയിലേക്കുള്ള മാറ്റം, സ്കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ, ദേശീയപാത വികസന പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ പ്രധാനമായും വിലയിരുത്തിയത്. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ വിഷയങ്ങളിലെ പുരോഗതി വിശദീകരിച്ചു.

മേയ് 31നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാക്കുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. ഇതിനകം 65 ശതമാനം പുസ്തകങ്ങളും കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്തുകഴിഞ്ഞതായും ശേഷിക്കുന്നവ സമയബന്ധിതമായി എത്തിക്കുമെന്നും വ്യക്തമാക്കി. കൈത്തറി വകുപ്പ് വഴി സ്കൂൾ യൂണിഫോം തുണികളുടെ വിതരണവും പുരോഗമിക്കുകയാണെന്നും എയ്ഡഡ് സ്കൂളുകൾക്കായുള്ള ക്രമീകരണങ്ങളും പൂർത്തിയായതായും യോഗത്തിൽ അറിയിച്ചു.

ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്ന നടപടിക്രമവും യോഗത്തിൽ ചർച്ചയായി. നിലവിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യവകുപ്പ്, വനം-വന്യജീവി വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവയുടെ അനുമതി ലഭിച്ച ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. സമയപരിധി പരിഗണിച്ച് നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു.

സുരക്ഷയുടെ കാര്യത്തിൽ യാതൊരു ഇളവും ഉണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. അടുത്ത രണ്ടാഴ്ച സ്കൂളുകളുടെ തയ്യാറെടുപ്പുകൾ ജില്ലാ കളക്ടർമാർ നേരിട്ട് നിരീക്ഷിക്കണമെന്നും ആവശ്യമായിടത്ത് അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും നിർദേശിച്ചു. പാഠപുസ്തകങ്ങളും യൂണിഫോമുകളും വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകി.