കുമാരമംഗലം പീഡനക്കേസ്: പ്രതിക്ക് 12 വർഷം കഠിന തടവ്

കുമാരമംഗലം പീഡനക്കേസ്: പ്രതിക്ക് 12 വർഷം കഠിന തടവ്

ഇടുക്കി ജില്ലയിലെ തൊടുപുഴയെ നടുക്കിയ കുമാരമംഗലം പീഡനപരമ്പരയിലെ മറ്റൊരു കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയനെയാണ് ഇടുക്കി അഡീഷണൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുടെ പുനരധിവാസത്തിനായി നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു.

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ 17-കാരിയായ പെൺകുട്ടിയെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് വിജയൻ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതും പീഡനവിവരം വെളിപ്പെട്ടതും.

തൊടുപുഴ പോലീസ് നടത്തിയ അന്വേഷണത്തിൽ 2017 മുതൽ 2022 വരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരവധി പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് 28 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ വിചാരണ പൂർത്തിയായ രണ്ടാമത്തെ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

പ്രതിക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. ശൈശവവിവാഹത്തിനിരയായ പെൺകുട്ടി മുത്തശിയുടെ സംരക്ഷണത്തിലിരിക്കെയാണ് പലതവണ പീഡനത്തിനിരയായതെന്നും, അമ്മയുടെയും മുത്തശിയുടെയും അറിവോടെയായിരുന്നു പീഡനമെന്നുമാണ് അന്വേഷണ കണ്ടെത്തൽ. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മുത്തശി വിചാരണക്കിടെ കൂറുമാറിയിരുന്നു.

ശൈശവവിവാഹം ഉൾപ്പെടെ ശേഷിക്കുന്ന 26-ലേറെ കേസുകളുടെ വിചാരണ അന്തിമഘട്ടത്തിലാണ്.