മഴക്കാല മുന്നൊരുക്കം; നഗരത്തിലെ ഓട ശുചീകരണം ഊർജിതമാക്കി തൊടുപുഴ നഗരസഭ
മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നഗരത്തിലെ ഓടകളും ഡ്രെയിനേജുകളും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഊര്‍ജിതമാക്കി. നഗരത്തിലെ പല ഭാഗങ്ങളിലും ഓടകള്‍ മാലിന്യവും മണ്ണും നിറഞ്ഞ് സ്ലാബുകള്‍ നിരങ്ങി വീണ് വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ശക്തമായ മഴ പെയ്യുമ്പോള്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതും യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും വലിയ ദുരിതമുണ്ടാക്കുന്നതുമാണ് പതിവ്.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി രണ്ടാഴ്ച മുമ്പ് തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കോലാനി, മുനിസിപ്പല്‍ സ്റ്റാന്‍ഡ് പരിസരം, ബേക്കറി ജംഗ്ഷന്‍, ഭീമ ജംഗ്ഷന്‍, റോട്ടറി ജംഗ്ഷന്‍, ഷാപ്പുംപടി, നന്ദിലത്ത് ജംഗ്ഷന്‍, വെങ്ങല്ലൂര്‍, വടക്കുംമുറി, മങ്ങാട്ടുകവല, കാരിക്കോട്, കുമ്പങ്കല്ല്, ടൗണ്‍, കിഴക്കേ അറ്റം, കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ തുടങ്ങിയ മേഖലകളില്‍ ഒരാഴ്ചയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഇന്നലെ കാഞ്ഞിരമറ്റം കവല ഭാഗത്ത് സ്ലാബുകള്‍ ഉയര്‍ത്തിമാറ്റി ഓടകള്‍ ശുചീകരിച്ചു. പല സ്ഥലങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടി വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍, വൈസ് ചെയര്‍മാന്‍ കെ. ദീപക്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ സെയ്തുമുഹമ്മദ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരസഭ വിപുലമായ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. പ്രാദേശിക ജനപങ്കാളിത്തത്തോടെയും വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, എന്‍ജിഒകള്‍, ക്ലബ്ബുകള്‍, മറ്റ് സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടെയും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.


