വിഡി സതീശൻ മന്ത്രിസഭയിൽ ഹൈറേഞ്ചിന് മന്ത്രിയില്ല
പിന്നോക്ക ജില്ലയായ ഇടുക്കിയിൽ, പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയെ പ്രതിനിധീകരിച്ച് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുൻ സർക്കാരുകളുടെ കാലത്ത് ജില്ലയിൽ നിന്നുണ്ടായ മന്ത്രിമാരിലൂടെ വികസന രംഗത്ത് വലിയ മുന്നേറ്റങ്ങളുണ്ടായിരുന്നുവെന്ന വിലയിരുത്തലാണ് പ്രതിഷേധത്തിന് പിന്നിൽ.
ഒന്നാം പിണറായി സർക്കാരിൽ ഉടുമ്പൻചോലയിൽ നിന്നുള്ള M. M. മണി മന്ത്രിയായിരുന്നപ്പോൾ ഹൈറേഞ്ച് മേഖലയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിരുന്നു. രണ്ടാം പിണറായി സർക്കാരിൽ റോഷി അഗസ്റ്റിൻ മന്ത്രിയായതോടെയും ജില്ലയ്ക്ക് വിവിധ പദ്ധതികൾ ലഭിച്ചു.
അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള ഇടുക്കി ജില്ലയിൽ നാലെണ്ണം ഹൈറേഞ്ച് മേഖലയിലും ഒന്ന് ലോറേഞ്ചിലുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലോറേഞ്ചിലെ തൊടുപുഴ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചിരുന്നത്. ഹൈറേഞ്ചിലെ നാല് മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമായിരുന്നു.
എന്നാൽ ഇത്തവണ അഞ്ചു മണ്ഡലങ്ങളും യു.ഡി.എഫ് നേടിയിട്ടും ഹൈറേഞ്ചിന് മന്ത്രിസ്ഥാനം അനുവദിക്കാത്തതിൽ യു.ഡി.എഫ് അനുഭാവികളിലും പൊതുസമൂഹത്തിനിടയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയിലും പ്രാദേശിക മാധ്യമങ്ങളിലുമെല്ലാം ഇത് സജീവ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
മുൻകാല മന്ത്രിമാരുടെ പ്രവർത്തനങ്ങളിലൂടെ വികസന നേട്ടങ്ങൾ നേരിട്ട് അനുഭവിച്ച മേഖലയായതിനാൽ ഹൈറേഞ്ചിന് മന്ത്രിസ്ഥാനം അനിവാര്യമാണെന്ന ആവശ്യമാണ് ശക്തമാകുന്നത്. വിജയിച്ച നിയുക്ത എം.എൽ.എമാർക്കും ഇതേ ആഗ്രഹമാണെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.


