ജീവന്റെ സംസ്‌കാരം വളര്‍ത്തണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
ജീവന്‍ ദൈവദാനമാണെന്നും ദൈവം നല്‍കിയ ജീവനെ എന്തു ത്യാഗം ചെയ്‌തും സംരക്ഷിച്ച് വളര്‍ത്തണമെന്നും ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. മരണസംസ്‌കാരം ശക്തിപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ജീവന്റെ സംസ്‌കാരം സമൂഹത്തില്‍ വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ പുതുക്കിപ്പണിത ചോറ്റുപാറ വി. ജിയന്ന ദൈവാലയത്തിലേക്ക് നടത്തിയ ജിയന്ന തീര്‍ഥാടനത്തോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മാതൃവേദിയുടെ സഹമധ്യസ്ഥയായ വിശുദ്ധ ജിയന്ന, തനിക്ക് ലഭിച്ച ജീവന്‍ ദൈവത്തിന്റെ ദാനമാണെന്ന ബോധ്യത്തോടെ സ്വീകരിച്ച വ്യക്തിയാണെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. സഹപ്രവര്‍ത്തകരും മറ്റുള്ളവരും ഉദരത്തിലുള്ള ജീവനെ നശിപ്പിക്കാന്‍ നിര്‍ബന്ധിച്ചപ്പോഴും യാതൊരു കാരണവശാലും ജീവനെ നശിപ്പിക്കരുതെന്ന നിലപാട് സ്വീകരിച്ച വിശുദ്ധ ജിയന്ന എല്ലാവര്‍ക്കും മാതൃകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുര്‍ബാനയ്ക്ക് വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റത്തില്‍, ഫൊറോന ഡയറക്ടര്‍മാര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. രൂപതയിലെ വി. ജിയന്നയുടെ നാമത്തിലുള്ള ഏക ദൈവാലയമാണ് ചോറ്റുപാറ പള്ളി.
പരിപാടികള്‍ക്ക് രൂപതാ പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍, ആനിമേറ്റര്‍ സി. റോസ്‌മി എസ്.എ.ബി.എസ്., ബ്രദര്‍ ജെറിന്‍ വാണിയപുരയ്ക്കല്‍ എന്നിവരും രൂപത, ഫൊറോന, ഇടവക ഭാരവാഹികളും നേതൃത്വം നല്‍കി.


