കട്ടപ്പന ഫെസ്റ്റ് വിവാദം: ഡി.വൈ.എഫ്.ഐ മാർച്ച് സംഘടിപ്പിച്ചു
കട്ടപ്പന ഫെസ്റ്റിന് സ്റ്റേഡിയം വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ നഗരസഭ ചെയർപേഴ്സൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസ് കവാടത്തിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ നേരിയ ഉന്തുംതള്ളും ഉണ്ടായി.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്. സുധീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭയ്ക്ക് ലക്ഷങ്ങളുടെ വരുമാനനഷ്ടം ഉണ്ടാക്കിയ ചെയർപേഴ്സൻ രാജിവയ്ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ഫെസ്റ്റ് സംഘടിപ്പിക്കാൻ ആവശ്യമായ വിവിധ വകുപ്പുകളുടെ അനുമതികൾ ലഭിച്ചിരുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. എക്സിബിഷൻ നടത്താനെന്ന പേരിലാണ് അപേക്ഷ ലഭിച്ചതെങ്കിലും കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ച് അഴിമതി നടത്താനായി ഭരണസമിതിയും ഉദ്യോഗസ്ഥരും ഫെസ്റ്റിന് അനുമതി നൽകിയെന്നാണ് ആരോപണം. കെ-സ്മാർട്ട് വഴി ലഭിച്ച മറ്റ് അപേക്ഷകൾ ഉദ്യോഗസ്ഥർ പൂഴ്ത്തിവച്ചതായും നേതാക്കൾ ആരോപിച്ചു
ബ്ലോക്ക് പ്രസിഡന്റ് എം. ശിവകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം ഫൈസൽ ജാഫർ, ജില്ലാ കമ്മിറ്റിയംഗം ജോബി എബ്രഹാം, ബ്ലോക്ക് സെക്രട്ടറി നിയാസ് അബു എന്നിവർ സംസാരിച്ചു. കുന്തളംപാറ റോഡിൽ നിന്നാരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
പ്രദർശനത്തിനെന്ന പേരിൽ കുറഞ്ഞ തുകയ്ക്ക് ഫെസ്റ്റ് സംഘടിപ്പിക്കാൻ സ്റ്റേഡിയം വിട്ടുനൽകിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.


