മലങ്കര ഡാമിൽ അറ്റകുറ്റപ്പണി; നാളെ മുതൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കും

മലങ്കര ഡാമിൽ അറ്റകുറ്റപ്പണി; നാളെ മുതൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കും

കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി മലങ്കര ഡാമിലെ ഷട്ടറുകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ നാളെ മുതൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇടതുകര കനാൽ വഴിയുള്ള ജലവിതരണം നാളെ മുതൽ താൽക്കാലികമായി നിർത്തിവെക്കും.

വേനൽമഴ ശക്തമായതും അറ്റകുറ്റപ്പണികൾ നടത്തേണ്ട സാഹചര്യം നിലനിൽക്കുന്നതുമായതിനാൽ വലതുകര കനാലിലൂടെയുള്ള ജലവിതരണം നേരത്തെ തന്നെ നിർത്തിയിരുന്നു. അറ്റകുറ്റപ്പണിക്കായി പ്ലാറ്റ്‌ഫോം തയ്യാറാക്കേണ്ടതിനാൽ ഇന്ന് കാര്യമായ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.

നാളെ മുതൽ നിലവിലെ 39 അടി ജലനിരപ്പ് 37 അടിയായി താഴ്ത്തിയ ശേഷമാകും അറ്റകുറ്റപ്പണികൾ ആരംഭിക്കുക. ഷട്ടറുകൾ കോൺക്രീറ്റുമായി ചേരുന്ന ഭാഗത്തെ ആംപ്ലേറ്റ് ബോൾട്ടുകളിൽ തുരുമ്പ് കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര അറ്റകുറ്റപ്പണികൾക്ക് തീരുമാനമായത്.

ഡാമിലെ ആകെ ആറു ഷട്ടറുകളും ഘട്ടംഘട്ടമായി പ്രത്യേകം അറ്റകുറ്റപ്പണി നടത്തും. നിലവിൽ രണ്ട് ഷട്ടറുകളിലൂടെയാണ് നിയന്ത്രിതമായി ജലം പുറത്തേക്ക് ഒഴുക്കുന്നത്. മൂന്നാമത്തെ ഷട്ടറിലൂടെ 10 സെന്റീമീറ്ററും നാലാമത്തെ ഷട്ടറിലൂടെ 50 സെന്റീമീറ്ററും ജലം ഒഴുകുന്നുണ്ട്.

ഡാമിലെ ജലനിരപ്പ് കുറയുന്നത് റിസർവോയർ ഭാഗങ്ങളിലെ കുടിവെള്ള പദ്ധതികളെ ബാധിക്കാനിടയുള്ളതിനാൽ ബന്ധപ്പെട്ട പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഷട്ടറുകൾ കൂടുതൽ ഉയർത്തുന്ന സമയത്ത് തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മൂവാറ്റുപുഴ എം.വി.ഐ.പി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.