ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ ഉയരുന്നു

ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ ഉയരുന്നു

വേനൽമഴ ശക്തമായതോടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു. ഈ മാസം ഇതുവരെ 15 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെയും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. ഈ ആഴ്ച മാത്രം നാല് പേർക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ 29 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.ശാന്തമ്പാറ, കാഞ്ചിയാർ, ചക്കുപള്ളം മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 രോഗവ്യാപന സാധ്യത ഉയർന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശാന്തമ്പാറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഡെങ്കിപ്പനി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സഞ്ചു ടി. ഷൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ Dr. ജോബിൻ G. ജോസഫ് ഡെങ്കിപ്പനി പ്രതിരോധത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. M.R. ഷെറിൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.

വേനൽമഴ ശക്തമായതോടെ വൈറൽ പനിയും ജില്ലയിൽ വ്യാപകമാകുന്നുണ്ട്. ഒരു ദിവസം മാത്രം ജില്ലയിലെ വിവിധ ആശുപത്രികളിൽ 163 പേരാണ് ചികിത്സ തേടിയത്. ഈ ആഴ്ച ഇതുവരെ 363 പേർ വൈറൽ പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ഇതിനിടെ കഴിഞ്ഞ ദിവസം ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ ആഴ്ച റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ എലിപ്പനി കേസാണിത്.

എന്താണ് ഡെങ്കിപ്പനി?

Dengue Fever ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളിലൂടെ പകരുന്ന വൈറസ് രോഗമാണ്. സാധാരണ പകൽ സമയത്താണ് ഈഡിസ് കൊതുകുകൾ മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം.

പ്രധാന രോഗലക്ഷണങ്ങൾ

  • പെട്ടെന്ന് ഉണ്ടാകുന്ന ഉയർന്ന പനി
  • കടുത്ത തലവേദന
  • കണ്ണിന് പിന്നിലും പേശികളിലും സന്ധികളിലും വേദന
  • നെഞ്ചിലും മുഖത്തും ചുവന്ന പാടുകൾ
  • ഓക്കാനം, ഛർദ്ദി

പ്രതിരോധ മാർഗങ്ങൾ

ഒരു സ്പൂണിൽ താഴെ വെള്ളം പോലും ഒരാഴ്ച തുടർച്ചയായി കെട്ടിനിൽക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ വളരാൻ സാധ്യതയുണ്ട്. അതിനാൽ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം.

ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പ്രധാന മുൻകരുതലുകൾ:

  • ആഴ്ചയിൽ ഒരു ദിവസം “ഡ്രൈ ഡേ” ആചരിക്കുക
  • ഉപയോഗശൂന്യമായ പാത്രങ്ങൾ, ടയറുകൾ, തേങ്ങാക്കൊമ്പുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കുക
  • കൊതുക് വളരാൻ സാധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിക്കുക
  • പനി അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക
  • സ്വയം ചികിത്സ ഒഴിവാക്കുക

ആരോഗ്യവകുപ്പ് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്നും അറിയിച്ചു.