പോത്തുംപാറ അഡ്വഞ്ചർ പാർക്കിൽ അപകടം; ചെന്നൈ സ്വദേശിനിയുടെ വിരൽ അറ്റു
പോത്തുംപാറയിലെ റെയിൻബോ അഡ്വഞ്ചർ പാർക്കിൽ ഉണ്ടായ അപകടത്തിൽ ചെന്നൈ സ്വദേശിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുമ്പ് വടത്തിൽ കൈ കുരുങ്ങിയതിനെ തുടർന്ന് വിനോദസഞ്ചാരിയായ ഷർമിള ബാബുവിന്റെ വിരൽ അറ്റുപോയെന്നാണ് വിവരം.
പാർക്കിലെ ചില റൈഡുകൾ ആവശ്യമായ അനുമതികളില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് വെള്ളത്തൂവൽ പഞ്ചായത്ത് അധികൃതർ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളും നിയമാനുസൃത അനുമതികളും പൂർത്തിയാക്കിയ ശേഷമേ പാർക്ക് പ്രവർത്തിപ്പിക്കാവൂവെന്ന് മുമ്പ് നിർദേശം നൽകിയിരുന്നുവെന്നും പഞ്ചായത്തിന്റെ ഔദ്യോഗിക അനുമതിയില്ലാതെ ട്രയൽ റൺ നടത്തുന്നതിനിടെയോ മറ്റോ ആണ് അപകടം സംഭവിച്ചതെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസിന്റെ പ്രതികരണം.
അതേസമയം, അപകടത്തിൽ പരിക്കേറ്റ യുവതി തനിക്ക് പരാതിയില്ലെന്നും തുടർനടപടികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു.
പാർക്കിന് ആവശ്യമായ അനുമതികൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പാർക്ക് ഉടമ പ്രതികരിച്ചു. പാർക്കിന് പ്രവർത്തനാനുമതിയുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ജില്ലാ അഡ്വഞ്ചർ ടൂറിസം വകുപ്പ് വ്യക്തമാക്കി.
അപകടത്തിന്റെ പശ്ചാത്തലത്തിൽ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പാർക്കിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു. മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ മേഖലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലുമുള്ള സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.


