കോവിൽമലയിൽ ജനവാസ മേഖലയിലേക്ക് വീണ്ടും കാട്ടാനയിറങ്ങി : വ്യാപക കൃഷിനാശം
കാഞ്ചിയാർ : കോവിൽമലയിൽ ജനവാസ മേഖലയിലേക്ക് വീണ്ടും കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം വിതച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വനമേഖലയിൽ നിന്നിറങ്ങിയ കാട്ടാന പ്രദേശവാസികളുടെ കൃഷിയിടങ്ങളിലെത്തി നാശം വിതച്ചത്.
പ്രദേശവാസിയായ പുതുപ്പറമ്പിൽ വീണ ഷാജിയുടെ കൃഷിയിടത്തിൽ കയറിയ കാട്ടാന ഏലം, വാഴ തുടങ്ങിയ കൃഷിവിളകൾ നശിപ്പിച്ചാണ് മടങ്ങിയത്. തേങ്ങയും മാവും പിഴുതുമറിക്കാൻ ശ്രമിച്ചതായും കുടുംബം പറയുന്നു. കടബാധ്യതയും പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് വിളവെടുപ്പിന് തയ്യാറായിരുന്ന ഏലച്ചെടികളാണ് കാട്ടാന ചവിട്ടിമെതിച്ച് നശിപ്പിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രാത്രി വീട്ടുമുറ്റത്തിന് സമീപത്തുകൂടിയാണ് കാട്ടാന കൃഷിയിടത്തിലേക്ക് കയറിയതെന്ന് ഭയപ്പാടോടെ വീണ ഷാജി പറഞ്ഞു.
വീടുകൾക്ക് തൊട്ടടുത്ത് വരെ കാട്ടാന എത്തുന്നതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണിപ്പോൾ. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് സ്ഥാപിച്ച ഫെൻസിങ്, ട്രഞ്ച് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്. വനമേഖലയെയും ജനവാസ മേഖലയെയും വേർതിരിച്ച് സംവിധാനങ്ങൾ ഉണ്ടായിട്ടും അവയെ മറികടന്നാണ് കാട്ടാന ജനവാസ മേഖലയിലെത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.




