കൊളുക്കുമലയിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മൂന്നാർ: കൊളുക്കുമലയിൽ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തി. ചെന്നൈ സ്വദേശിയായ ദ്രവിനേഷ് (25) ആണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം സൂര്യോദയം കാണുന്നതിനായി കൊളുക്കുമലയിലെത്തിയ ദ്രവിനേഷ്, ഇന്ന് രാവിലെ ആറുമണിയോടെ കൊളുക്കുമലയിലെ സിംഹപ്പാറ ഭാഗത്ത് നിന്ന് തമിഴ്നാട് വശത്തേക്കുള്ള ആഴമേറിയ കൊക്കയിലേക്ക് ചാടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ചെന്നൈയിൽ നിന്ന് പത്തംഗ സംഘത്തോടൊപ്പമാണ് യുവാവ് കൊളുക്കുമലയിലെത്തിയത്. ഓഫ് റോഡ് ജീപ്പിൽ സഞ്ചരിച്ച് പ്രദേശത്തെത്തിയ സംഘം സിംഹപ്പാറയിൽ നിർത്തിയപ്പോഴാണ് സംഭവം നടന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രദേശവാസികൾ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. തുടർന്ന് മൂന്നാറിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനാ സംഘം താഴേക്ക് ഇറങ്ങി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കേരള–തമിഴ്നാട് അതിർത്തിയിലുള്ള പ്രദേശത്താണ് അപകടം നടന്നത്. സംഭവത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


