പേവിഷബാധ സ്ഥിരീകരിച്ച തെരുവുനായ കടിച്ച സംഭവം; വ്യാപക വാക്സിനേഷൻ നടപടികൾക്ക് ഒരുങ്ങി പീരുമേട് പഞ്ചായത്ത്
പീരുമേട്: പാമ്പനാർ, കല്ലാർ, റാണിക്കോവിൽ തുടങ്ങിയ പ്രദേശങ്ങളിൽ 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി പീരുമേട് പഞ്ചായത്ത്. പഞ്ചായത്ത് വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് വളർത്തുമൃഗങ്ങൾ ഉൾപ്പെടെ ബാധിത പ്രദേശങ്ങളിലെ എല്ലാ മൃഗങ്ങൾക്കും വാക്സിൻ നൽകാൻ തീരുമാനമായത്.
തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ 19 പേരും പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സംയുക്ത ശ്രമഫലമായി നായയെ പിടികൂടുകയും നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു.
നായ കടിയേറ്റ എല്ലാവർക്കും ഇതിനോടകം രണ്ട് ഡോസ് വീതം പ്രതിരോധ വാക്സിൻ നൽകിയതായി അധികൃതർ അറിയിച്ചു. കൂടാതെ, ഇതേ നായ മറ്റ് തെരുവുനായകളെയും കന്നുകാലികളടക്കമുള്ള മൃഗങ്ങളെയും ആക്രമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അവയെ കണ്ടെത്തി വാക്സിനേഷൻ നൽകാനുള്ള നടപടികൾ ആരംഭിച്ചു.
പഞ്ചായത്തിലെ എല്ലാ വാർഡുകളിലുമുള്ള വളർത്തുനായകൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ വാക്സിനേഷന് വിധേയമാക്കാനും യോഗം തീരുമാനിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പീരുമേട് മൃഗാശുപത്രി അധികൃതർ, താലൂക്ക് ആശുപത്രി അധികൃതർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.




