കട്ടപ്പനയിലെ ഗതാഗതക്കുരുക്ക് ; പഠന റിപ്പോർട്ട് സമർപ്പിച്ചു
കട്ടപ്പന : നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും പാർക്കിങ് സൗകര്യങ്ങളുടെ അഭാവത്തിനും പരിഹാരം കണ്ടെത്തുന്നതിനായി കട്ടപ്പന വൈ.എം.സി.എയും വിവിധ സാമൂഹിക സംഘടനകളും ചേർന്ന് നടത്തിയ പഠനത്തിന്റെ റിപ്പോർട്ടും നിർദേശങ്ങളും നഗരസഭ ഭരണസമിതിക്ക് സമർപ്പിച്ചു.
നഗരത്തിലെ ഗതാഗതക്കുരുക്കും മതിയായ പാർക്കിങ് കേന്ദ്രങ്ങളുടെ അഭാവവും വ്യാപാരികളെയും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവരെയും യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് പഠനം നടത്തിയത്. ഗതാഗത തടസ്സങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കട്ടപ്പന വൈ.എം.സി.എയുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബുകൾ, റോട്ടറി ക്ലബ്ബുകൾ, മലയാളി ചിരി ക്ലബ്, വിവിധ റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പഠനം നടത്തിയത്. നഗരത്തിലെ വിവിധ ബൈപാസ് റോഡുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനാകുമെന്ന് പഠനത്തിൽ കണ്ടെത്തി. ഇത് കട്ടപ്പനയുടെയും സമീപ പ്രദേശങ്ങളുടെയും വികസനത്തിന് വഴിയൊരുക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഗതാഗത നിയന്ത്രണത്തിന് പുതിയ നടപടികൾ
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നഗരസഭ കൗൺസിൽ യോഗത്തിൽ വിവിധ തീരുമാനങ്ങൾ കൈക്കൊണ്ടു. ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭയുടെ അധീനതയിലുള്ള റോഡുകളിൽ ദിശാസൂചക ബോർഡുകളും ട്രാഫിക് സിഗ്നൽ ബോർഡുകളും സ്ഥാപിക്കാൻ തീരുമാനിച്ചു.
ഖരമാലിന്യ സംസ്കരണത്തിന് ₹45.34 കോടി പദ്ധതി
ഖരമാലിന്യ സംസ്കരണം ശാസ്ത്രീയമാക്കുന്നതിനായി 2028 വരെ നടപ്പാക്കുന്ന 45.34 കോടി രൂപയുടെ സമഗ്ര ഖരമാലിന്യ പരിപാലന രൂപരേഖയ്ക്ക് കൗൺസിൽ അംഗീകാരം നൽകി. പദ്ധതിയുടെ ഭാഗമായി നഗരസഭാ പരിധിയിൽ ഉൽപാദിപ്പിക്കുന്ന ഖരമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കും.
താലൂക്ക് ആശുപത്രിയിൽ കൂടുതൽ ജീവനക്കാർ
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ജനറൽ സർജന്റെ സേവനം ലഭ്യമായ സാഹചര്യത്തിൽ രണ്ട് നഴ്‌സിങ് അസിസ്റ്റന്റുമാരെ കൂടി നിയമിക്കാനും കൗൺസിൽ തീരുമാനിച്ചു.
അതേസമയം, നഗരസഭാ പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ, ബജിക്കടകൾ, പെട്ടിക്കടകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെ പരിശോധന ശക്തമാക്കുമെന്ന് ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി അറിയിച്ചു.
മീറ്റ് സ്റ്റാൾ നിർമാണം പുരോഗമിക്കുന്നതിനാൽ മാംസവിൽപ്പനയ്ക്ക് നിലവിൽ ചില തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും നിർമാണം പൂർത്തിയാകുന്നതുവരെ ബദൽ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


