സൈബർ തട്ടിപ്പുകൾ തടയാൻ സമഗ്ര പദ്ധതി നടപ്പാക്കും: ആഭ്യന്തര മന്ത്രി

സൈബർ തട്ടിപ്പുകൾ തടയാൻ സമഗ്ര പദ്ധതി നടപ്പാക്കും: ആഭ്യന്തര മന്ത്രി

സൈബർ തട്ടിപ്പുകൾ ഫലപ്രദമായി തടയുന്നതിനായി സംസ്ഥാനത്ത് സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ അറിയിച്ചു. സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ ബോധവത്കരണം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലകളിൽ ആയിരത്തിലേറെ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ് ഇതിൽ പലതെന്നും മന്ത്രി പറഞ്ഞു. വ്യാജ ലോൺ ആപ്പ് തട്ടിപ്പുകൾ തടയാൻ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4

റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന 1836 വ്യാജ ലോൺ ആപ്പുകളും 5857 വ്യാജ ലോൺ വെബ്‌സൈറ്റുകളും നീക്കം ചെയ്തതായി മന്ത്രി അറിയിച്ചു. വ്യാജ ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കും തട്ടിപ്പിന് വഴിയൊരുക്കുന്ന പരസ്യങ്ങൾക്കും പ്രൊഫൈലുകൾക്കുമെതിരെ നടപടിയെടുക്കും. തട്ടിപ്പുകാരുടെ മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ഫോറൻസിക് അന്വേഷണം, അന്തർസംസ്ഥാന ഏകോപനം എന്നിവ ശക്തമാക്കി സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടി കൂടുതൽ കാര്യക്ഷമമാക്കും. തട്ടിയെടുക്കുന്ന പണം മ്യൂൾ അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് ക്രിപ്റ്റോ കറൻസിയാക്കി മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും മാറ്റുകയുമാണ് പല കേസുകളിലും നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര ബന്ധമുള്ള കുറ്റകൃത്യങ്ങളാണ് സൈബർ തട്ടിപ്പുകളിൽ പലതെന്നും അന്യസംസ്ഥാനങ്ങളിലെ പ്രതികളെയും അറസ്റ്റ് ചെയ്യുന്നുണ്ടെന്നും അബിൻ വർക്കിയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4