നെടുങ്കണ്ടത്ത് ഏഴ് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; വ്യാപാരി അറസ്റ്റിൽ
ഇടുക്കി : നെടുങ്കണ്ടത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ ഏകദേശം ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്സൈസ് വകുപ്പിന്റെ സംസ്ഥാനതല 'തണ്ടർ വേട്ട' പ്രത്യേക പരിശോധനയുടെ ഭാഗമായാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പടിഞ്ഞാറെ കവല സ്വദേശിയും വ്യാപാരിയുമായ പുത്തൻവീട്ടിൽ ഷമീർ ഷംസുദീനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾക്ക് ഏകദേശം ഏഴ് ലക്ഷം രൂപ വിപണി വിലയുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പ്രതിക്കെതിരെ ബന്ധപ്പെട്ട നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ കടത്തും സംഭരണവും തടയുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്നും എക്സൈസ് അറിയിച്ചു.





