അറിവാണ് വ്യക്തികളെ സ്വതന്ത്രരാക്കുന്നത്; വിദ്യാർത്ഥികൾ കഠിനാധ്വാനത്തിലൂടെ ഉയരങ്ങളിലെത്തണം: മന്ത്രി കെ.എ. തുളസി
ഇടുക്കി: അറിവാണ് വ്യക്തികളെ സ്വതന്ത്രരാക്കുന്നതെന്നും ആ അറിവ് നേടാൻ പരമാവധി കഠിനപ്രയത്നം ചെയ്യണമെന്നും പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന മന്ത്രി കെ.എ. തുളസി പറഞ്ഞു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പട്ടികജാതി–പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അറിവിലൂടെ രൂപപ്പെടുന്ന വ്യക്തിത്വമാണ് സമൂഹത്തിൽ നാം ആരുടെയും പിന്നിലല്ല, എല്ലാവർക്കും ഒപ്പമാണെന്ന ആത്മവിശ്വാസം നൽകുന്നതെന്നും അറിവാണ് യഥാർഥ ശക്തിയെന്നും മന്ത്രി പറഞ്ഞു. നിലവിലെ വിജയം കൂടുതൽ നേട്ടങ്ങളിലേക്കുള്ള ചവിട്ടുപടിയാകട്ടെയെന്നും അദ്ദേഹം വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.
ചടങ്ങിൽ എഫ്. രാജ എം.എൽ.എ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷൗജമോൾ പി. കോയ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിന്നി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമള മോഹൻദാസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ബിജു, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, ജില്ലാ-ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.





