അണക്കരയിൽ ഗുഡ്സ് വാഹന പാർക്കിംഗ് മാറ്റം; തൊഴിലാളികളുടെ പ്രതിഷേധം
അണക്കര ടൗണിലെ ഗുഡ്സ് വാഹനങ്ങളുടെ പാർക്കിംഗ് സ്ഥലം മാറ്റാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിൽ ടൗണിനോട് ചേർന്നുള്ള പാർക്കിംഗ് പെട്രോൾ പമ്പിന് സമീപത്തെ റോഡരികിലേക്ക് മാറ്റാനുള്ള നീക്കം തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നതാണെന്ന് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികൾ ആരോപിച്ചു.
അണക്കര ടൗണിൽ നിന്ന് ഹോമിയോ ഡിസ്പെൻസറിയിലേക്ക് പോകുന്ന റോഡരികിലാണ് നിലവിൽ ഗുഡ്സ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സ്ഥലപരിമിതി ചൂണ്ടിക്കാട്ടി പാർക്കിംഗ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവർമാർ, വ്യാപാരികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത സംയുക്ത യോഗം കഴിഞ്ഞ ദിവസം പഞ്ചായത്ത് വിളിച്ചുചേർത്തിരുന്നു.
യോഗത്തിൽ പെട്രോൾ പമ്പിന് സമീപം കുമളി–മൂന്നാർ സംസ്ഥാനപാതയോരത്തേക്ക് വാഹനങ്ങൾ മാറ്റി പാർക്ക് ചെയ്യണമെന്നാണ് പഞ്ചായത്ത് നിർദേശിച്ചത്. എന്നാൽ സുരക്ഷിതമല്ലാത്ത റോഡരികിലേക്ക് സ്റ്റാൻഡ് മാറ്റുന്നതിനെതിരെ തൊഴിലാളികൾ ശക്തമായി എതിർപ്പ് രേഖപ്പെടുത്തി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
തുടർന്ന് ഗുഡ്സ് വാഹന സ്റ്റാൻഡ് മാറ്റാൻ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഏകപക്ഷീയമായി പ്രഖ്യാപിച്ചുവെന്നാണ് തൊഴിലാളികളുടെ ആരോപണം. തൊഴിലാളികളെ തെരുവിലിറക്കുന്ന ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് തൊഴിലാളി യൂണിയൻ പ്രതിനിധി ഐപ്പ് ജോസഫ് പറഞ്ഞു.
പഞ്ചായത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ അണക്കര ടൗണിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ അധീനതയിലുള്ള മറ്റൊരു അനുയോജ്യമായ സ്ഥലത്ത് പാർക്കിംഗ് സൗകര്യം ഒരുക്കാതെ നിലവിലെ സ്റ്റാൻഡ് മാറ്റാൻ അനുവദിക്കില്ലെന്ന് തൊഴിലാളി പ്രതിനിധി ഷിജു പി.സി. വ്യക്തമാക്കി.
തൊഴിലാളികളുടെ അഭിപ്രായം പരിഗണിക്കാതെ പഞ്ചായത്ത് ഏകപക്ഷീയമായ തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.





