ഹിൽ ഹൈവേ റണ്ണിന് ചെലവായത് 91.35 ലക്ഷം രൂപ; വിവരാവകാശ രേഖ പുറത്ത്
ഇടുക്കി: മലയോര ഹൈവേയുടെ കുട്ടിക്കാനം–കട്ടപ്പന പാതയുടെ നിർമ്മാണ പൂർത്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ' പരിപാടിക്കായി 91.35 ലക്ഷം രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ.
കാസർകോട് സ്വദേശിയായ മുഹമ്മദ് അഷ്റഫിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പരിപാടിയുടെ മുഴുവൻ ചെലവും കിഫ്ബി ഫണ്ടിൽ നിന്നാണ് വഹിച്ചത്.
പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രശസ്ത ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ ഇതിന് യാതൊരു പ്രതിഫലവും കൈപ്പറ്റിയിട്ടില്ലെന്നും രേഖകളിൽ പറയുന്നു.
'ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്' എന്ന സർക്കാർ ഏജൻസിയാണ് പരിപാടി സംഘടിപ്പിച്ചത്. 2026 ഫെബ്രുവരി 22-ന് നടന്ന കൂട്ടയോട്ടം അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കുട്ടിക്കാനം മരിയൻ കോളേജ് ഗ്രൗണ്ടിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ചപ്പാത്തിലായിരുന്നു സമാപനം.
203.36 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേയുടെ ഗുണനിലവാരവും മലനാടിന്റെ പ്രകൃതി സൗന്ദര്യവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 20 കിലോമീറ്റർ ദൈർഘ്യമുള്ള ഹിൽ ഹൈവേ റൺ സംഘടിപ്പിച്ചത്. മിലിന്ദ് സോമനൊപ്പം വനിതാ ബൈക്ക് റൈഡർമാർ, റോളർ സ്കേറ്റിംഗ് താരങ്ങൾ, സൈക്ലിംഗ് താരങ്ങൾ, ബുള്ളറ്റ് റൈഡർമാർ തുടങ്ങി ആയിരക്കണക്കിന് പേർ പരിപാടിയിൽ പങ്കെടുത്തു.





