നവജാത ശിശു വിൽപ്പന : കേസ് അന്വേഷണം തൊടുപുഴയിലേക്കും വ്യാപിപ്പിച്ചു
നവജാത ശിശുവിനെ വിൽപ്പന നടത്തിയെന്ന കേസിൽ അന്വേഷണം തൊടുപുഴയിലേക്കും വ്യാപിപ്പിച്ചു. ഫെബ്രുവരിയിൽ ശിശുവിനെ കൈമാറിയതായി കണ്ടെത്തിയ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പൊലീസ് പരിശോധന നടത്തി. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും രേഖകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
അസം സ്വദേശിനിയുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പൊലീസാണ് തൊടുപുഴയിൽ നടന്നതായി കരുതുന്ന ശിശു വിൽപ്പന കണ്ടെത്തിയത്. ആദ്യ കേസിൽ അറസ്റ്റിലായ പ്രതി മൂപ്പിൽ രാജിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുതിയ വിവരങ്ങളിലേക്ക് നയിച്ചത്. തുടർന്ന് കേസ് തൊടുപുഴ പൊലീസിന് കൈമാറി.
പ്രതി നൽകിയ മൊഴിപ്രകാരം, ഫെബ്രുവരിയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം നടന്നത്. കൊല്ലം സ്വദേശിനിയെന്ന പേരിലാണ് യുവതി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നും, നവജാത ശിശുവിനെ തൊടുപുഴയിൽ വച്ചാണ് കൈമാറിയതെന്നുമാണ് മൊഴി.
സംഭവവുമായി ബന്ധപ്പെട്ട് കോട്ടയത്ത് അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ശിശു വിൽപ്പനയ്ക്ക് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും സമാനമായ മറ്റ് സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.





