മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു; കോട്ടയം ജില്ലയിൽ വ്യാപക വെള്ളപ്പൊക്കവും ഗതാഗത തടസ്സവും
കോട്ടയം: ജില്ലയിൽ പുലർച്ചെ മുതൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടകരമായി ഉയർന്നു. നദീതീര പ്രദേശങ്ങളിലും താഴ്ന്ന മേഖലകളിലും വെള്ളം കയറിയതോടെ നിരവധി റോഡുകളിലും പാലങ്ങളിലുമായി ഗതാഗതം തടസ്സപ്പെട്ടു.
ഈരാറ്റുപേട്ടയിലെ കോസ്‌വേ പാലങ്ങൾ, പെരുന്നിലം, പനയ്ക്കപ്പാലം എന്നിവിടങ്ങളിൽ വെള്ളം കയറി. തിക്കോയി–വാഗമൺ റോഡിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കൂട്ടിക്കൽ, കൊക്കയാർ മേഖലകളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. ഇടമറുക്–വാകക്കാട് റോഡ്, ഇടമറുക്–പൈകടപ്പീടിക റോഡ് എന്നിവ ഉൾപ്പെടെ വിവിധ റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം ദുഷ്കരമായി.
രണ്ടാറ്റുമുന്നി പാലത്തിന് മുകളിലൂടെ രണ്ടടി ഉയരത്തിൽ വെള്ളം ഒഴുകുന്നതിനാൽ പാലത്തിലൂടെയുള്ള യാത്ര അപകടകരമാണ്. മൂന്നിലവ് ടൗണിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. പൂഞ്ഞാർ പള്ളിവാതിൽ റോഡിലും വെള്ളം കയറിയതിനെ തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു.
മലയോര മേഖലയിലാകെ മഴ ശക്തമായി തുടരുന്നതിനാൽ നദീതീരങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വെള്ളം കയറിയ റോഡുകളിലൂടെയും കോസ്‌വേ പാലങ്ങളിലൂടെയും യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.





