കനത്ത മഴ; ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയിലെത്തി
ഇടുക്കി: ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനിടെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർധിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 7,000 ക്യൂസെക്സ് വരെയായി ഉയർന്നിട്ടുണ്ട്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 142 അടിയാണ്.
ഇടുക്കി ജലാശയത്തിലും ജലനിരപ്പ് വേഗത്തിൽ ഉയരുകയാണ്. ഒറ്റദിവസം കൊണ്ട് ഏകദേശം ആറടി ഉയർന്ന് ജലനിരപ്പ് 2336.04 അടിയിലെത്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.
ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തതിനെ തുടർന്ന് കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി ഉയർത്തി അധികജലം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാർ, ഇരട്ടയാർ ഡൈവേർഷൻ അണക്കെട്ടുകളും നിറഞ്ഞ നിലയിലാണ്.
അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.





