ഇടുക്കിയിൽ മഴയ്ക്ക് ശമനം; ആശങ്കയ്ക്ക് അയവില്ല, നിയന്ത്രണങ്ങൾ തുടരും

ഇടുക്കിയിൽ മഴയ്ക്ക് ശമനം; ആശങ്കയ്ക്ക് അയവില്ല, നിയന്ത്രണങ്ങൾ തുടരും

ഇടുക്കി: ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഇന്നലെ ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും ഹൈറേഞ്ചിലും ലോ റേഞ്ചിലും ഇടവിട്ട് മഴ തുടരുകയാണ്. ഇതോടെ ജില്ലയിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും തുടരുകയാണ്.

ദേശീയപാത 85-ൽ നേര്യമംഗലം മുതൽ അടിമാലി വരെ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഉൾഗ്രാമങ്ങളിൽ പലയിടത്തും മണ്ണും കല്ലും വീണ് റോഡുകൾ തകരുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. മഴക്കെടുതിയിൽ 14 വീടുകൾ പൂർണമായും 86 വീടുകൾ ഭാഗികമായും തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

13 ദുരിതാശ്വാസ ക്യാമ്പുകളിൽ 200 പേർ

ജില്ലയിൽ നിലവിൽ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 200 പേരാണ് കഴിയുന്നത്. ഇതിൽ 78 പുരുഷന്മാരും 98 സ്ത്രീകളും 24 കുട്ടികളും ഉൾപ്പെടുന്നു. മഴയുടെ ശക്തി കുറഞ്ഞതോടെ ബന്ധുവീടുകളിലേക്ക് മാറിയവരിൽ പലരും വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്.

കൃഷിനാശം 2.95 കോടി രൂപ

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ നാല് ദിവസത്തെ മഴയിലും മണ്ണിടിച്ചിലിലും ജില്ലയിൽ 2.95 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. 128.94 ഹെക്ടർ സ്ഥലത്തെ കൃഷി നശിക്കുകയും 1,193 കർഷകർക്ക് നഷ്ടമുണ്ടാകുകയും ചെയ്തു. ഏറ്റവും കൂടുതൽ നഷ്ടം അടിമാലി ബ്ലോക്കിലാണ്.

Slide 1
Slide 2
Slide 3
Slide 4

വൈദ്യുതി വകുപ്പിന് 17.62 ലക്ഷം രൂപയുടെ നഷ്ടം

Slide 1
Slide 2
Slide 3
Slide 4

പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈദ്യുതി വകുപ്പിന് 17.62 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 24,997 ഉപഭോക്താക്കളെ വൈദ്യുതി തടസ്സം ബാധിച്ചു. നിരവധി വൈദ്യുതി പോസ്റ്റുകൾ തകരുകയും എച്ച്.ടി., എൽ.ടി. ലൈനുകൾ പൊട്ടിവീഴുകയും ചെയ്തു. തകരാറുകൾ പരമാവധി വേഗത്തിൽ പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

24 മണിക്കൂറിൽ 81.86 മില്ലിമീറ്റർ മഴ

ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 81.86 മില്ലിമീറ്റർ മഴ ലഭിച്ചു. പീരുമേട് താലൂക്കിലാണ് ഏറ്റവും കൂടുതൽ 149 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയത്. തൊടുപുഴയിൽ 123 മില്ലിമീറ്ററും ഇടുക്കി താലൂക്കിൽ 88.80 മില്ലിമീറ്ററും മഴ ലഭിച്ചു.

ഡാമുകളിലെ ജലനിരപ്പ് ഉയർന്നു

ശക്തമായ മഴയെ തുടർന്ന് ഇടുക്കി, മുല്ലപ്പെരിയാർ, മലങ്കര അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. മലങ്കര ഡാമിലെ ജലനിരപ്പ് 41.30 മീറ്ററിലെത്തിയതോടെ ഷട്ടറുകൾ ഘട്ടംഘട്ടമായി 1.50 മീറ്റർ വരെ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. ഇതോടെ തൊടുപുഴയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയർന്നതിനാൽ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.