ഗുരുവായൂരിൽ മുൻ കാമുകിയെ വധിക്കാൻ ഗൂഢാലോചന; പെൺവേഷം കെട്ടിയെത്തിയ യുവാവടക്കം അഞ്ച് പേർ പിടിയിൽ
ഗുരുവായൂരിൽ മുൻ കാമുകിയെ വധിക്കാൻ പദ്ധതിയിട്ട് പെൺവേഷം ധരിച്ചെത്തിയ യുവാവടക്കം അഞ്ച് പേരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. സമയോചിതമായ പൊലീസ് ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്.
പിടിയിലായവർ തൊടുപുഴ മുട്ടം സ്വദേശികളായ ചോലമറ്റത്തിൽ പ്രസാദ്, ഒറ്റപ്ലാക്കൽ ആദർശ്, തൈപ്പറമ്പിൽ ബിനീഷ്, തേങ്ങിൽ ഷാഹിദ്, കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരാണ്.
പൊലീസ് അന്വേഷണത്തിൽ, തൃശൂരിലെ ഒരു സ്പായിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനിയായ യുവതി പ്രസാദുമായിരുന്ന ബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് കണ്ടെത്തിയത്. യുവതി ഗുരുവായൂരിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതികൾ അവിടെയെത്തിയത്.
ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ പെൺവേഷം ധരിച്ച് സംശയാസ്പദമായി നിന്ന പ്രസാദിനെ ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സമീപത്ത് കാറിൽ കാത്തുനിന്നിരുന്ന മറ്റ് നാല് പ്രതികളെയും പിടികൂടുകയായിരുന്നു.
പ്രതികളിൽ നിന്ന് 16 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. പ്രസാദിനും ആദർശിനുമെതിരെ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.
പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് യുവതിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി സ്വന്തം നാട്ടിലേക്ക് അയച്ചു. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.





