സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കണം
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങൾ അംഗീകരിച്ചാണ് സംസ്ഥാന ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയത്
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നത് നിർബന്ധമാക്കി കേരള സർക്കാർ ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങൾ അംഗീകരിച്ചാണ് സംസ്ഥാന ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.
വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ സ്വീകരിച്ച തീരുമാനത്തിന്റെ തുടർച്ചയായാണ് സംസ്ഥാനത്തും പുതിയ നിർദേശങ്ങൾ നടപ്പാക്കുന്നത്.
ചടങ്ങിൽ സംസ്ഥാന ഗീതം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന് ശേഷമായിരിക്കണം വന്ദേമാതരം ആലപിക്കേണ്ടത്. സംസ്ഥാന ഗീതം ഇല്ലെങ്കിൽ ആദ്യം വന്ദേമാതരവും തുടർന്ന് ദേശീയഗാനമായ ജനഗണമനയും ആലപിക്കണം.
നിലവിൽ ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ഏതാനും ഭാഗങ്ങൾ മാത്രം ആലപിക്കുന്ന രീതിക്ക് പകരം യഥാർഥ കവിതയിലെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നാണ് നിർദേശം. പൂർണ വന്ദേമാതരം ആലപിക്കുന്നതിന് ഔദ്യോഗികമായി നിശ്ചയിച്ചിരിക്കുന്ന സമയം 3 മിനിറ്റ് 10 സെക്കൻഡാണ്.
ദേശീയഗാനം ആലപിക്കുമ്പോൾ വരികളും ചിഹ്നങ്ങളും ഉൾപ്പെടെ കൃത്യമായി പാലിച്ച് തെറ്റുകൂടാതെ ആലപിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
വന്ദേമാതരത്തിന് ദേശീയഗാനത്തിന് സമാനമായ നിയമപരമായ പരിരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട കേന്ദ്രതല തീരുമാനങ്ങൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ്.





