മൂന്നിലവ് ചെക്ക് ഡാം പൊളിച്ചുനീക്കണം; വ്യാപാരി കൂട്ടായ്മ പരാതി നൽകി
മൂന്നിലവ്: ടൗണിൽ നിരന്തരമായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമായി അശാസ്ത്രീയമായി നിർമ്മിച്ച ചെക്ക് ഡാം പൂർണമായി പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത്. 2021, 2022 വർഷങ്ങളിലെ പ്രളയങ്ങൾക്ക് പിന്നാലെ 2026 ആഗസ്റ്റ് ഒന്നിനും മൂന്നിലവ് ടൗണിൽ വെള്ളം കയറിയത് വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയത്.
ശക്തമായ മഴയെത്തുടർന്ന് ടൗണിൽ പത്തടിയോളം ഉയരത്തിൽ വെള്ളം കയറുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് പരാതിയിൽ പറയുന്നു. ഇതുമൂലം വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, പഞ്ചായത്ത് ഓഫീസ്, മാവേലി സ്റ്റോർ, ആയുർവേദ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഓരോ പ്രളയത്തിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിക്കുന്നത്.
മൈനർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ചെക്ക് ഡാം പുഴയിലെ സ്വാഭാവിക നീരൊഴുക്കിന് തടസ്സമാകുന്നതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആരോപണം. ശക്തമായ മഴയിൽ മലനിരകളിൽനിന്ന് ഒഴുകിയെത്തുന്ന കല്ലും മണലും ചെക്ക് ഡാമിന് സമീപം അടിഞ്ഞുകൂടുന്നതോടെ പുഴയുടെ ഒഴുക്ക് തടസ്സപ്പെടുകയും വെള്ളം ടൗണിലേക്ക് കയറുകയും ചെയ്യുന്നുവെന്നാണ് പരാതി.
നിലവിൽ പുഴയിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണലും മണ്ണും അടിയന്തരമായി നീക്കം ചെയ്യണമെന്നും, ജനജീവിതത്തിന് ദുരിതം സൃഷ്ടിക്കുന്ന ചെക്ക് ഡാം ദുരന്തനിവാരണ നിയമപ്രകാരം പൂർണമായി പൊളിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
ടോമി ജോൺ കുരിശുംപറമ്പിൽ, ബിജു ജോസഫ്, സിബി ജോൺ, പഞ്ചായത്ത് മെമ്പർ ഷെയ്സ് ജോസഫ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ചെക്ക് ഡാമിന്റെ ശാസ്ത്രീയമായ പുനഃപരിശോധന നടത്തി മൂന്നിലവ് ടൗണിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.





