മലങ്കര ജലാശയത്തിലെ വെള്ളം ഉപയോഗയോഗ്യമെന്ന് വാട്ടർ അതോറിറ്റി
മുട്ടം: മലങ്കര ജലാശയത്തിലെ വെള്ളത്തിൽ രാസമാലിന്യം കലർന്നതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ ആശങ്കയ്ക്ക് പരിഹാരം. ജലാശയത്തിലെ വെള്ളം പരിശോധനകൾക്ക് ശേഷം ഉപയോഗയോഗ്യമാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
വെള്ളിയാമറ്റം പഞ്ചായത്ത് പ്രദേശത്ത് പ്രവർത്തിക്കുന്ന ഹൈലയർ എന്ന സ്വകാര്യ പ്ലൈവുഡ് സ്ഥാപനത്തിൽ നിന്ന് മലങ്കര ജലാശയത്തിലേക്ക് രാസമാലിന്യം കലർന്നതായി വെള്ളിയാഴ്ച കണ്ടെത്തിയതോടെയാണ് ആശങ്ക ഉയർന്നത്. തുടർന്ന് ജലാശയത്തിലെ വെള്ളം ഉപയോഗിക്കുന്നതിന് അധികൃതർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വാട്ടർ അതോറിറ്റിയും മലിനീകരണ നിയന്ത്രണ ബോർഡും ഉൾപ്പെടെയുള്ള അധികൃതർ വിവിധ ഘട്ടങ്ങളിലായി ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി. വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനിയർ എൻ.ആർ. ഹരി, എക്സിക്യൂട്ടീവ് എൻജിനിയർ ടി.എൻ. സജി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അനിത, അസിസ്റ്റന്റ് എൻജിനിയർ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുട്ടം മാത്തപ്പാറ പമ്പ് ഹൗസിലെത്തി പരിശോധനകൾ നടത്തി.
മലങ്കര ജലാശയത്തിന് പുറമെ കൊല്ലംകുന്ന് ശുദ്ധീകരണ കിണർ, കുടയത്തൂർ, കാഞ്ഞാർ തുടങ്ങിയ വിവിധ ജലസ്രോതസുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡടക്കമുള്ള ഏജൻസികളും സാമ്പിളുകൾ പരിശോധിച്ചു.
അതേസമയം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈലയർ പ്ലൈവുഡ് കമ്പനി പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു.





