അരനൂറ്റാണ്ട് പിന്നിട്ട് ചപ്പാത്ത് പാലം; കൂട്ടിക്കലിൽ പുതിയ പാലത്തിനായുള്ള ആവശ്യം ശക്തമാകുന്നു

അരനൂറ്റാണ്ട് പിന്നിട്ട് ചപ്പാത്ത് പാലം; കൂട്ടിക്കലിൽ പുതിയ പാലത്തിനായുള്ള ആവശ്യം ശക്തമാകുന്നു

കൂട്ടിക്കൽ: നിരവധി പ്രളയങ്ങളെയും വെള്ളപ്പൊക്കങ്ങളെയും അതിജീവിച്ച കൂട്ടിക്കൽ ചപ്പാത്ത് പാലത്തിന് പകരം പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്നതും കൂട്ടിക്കൽ, കൊക്കയാർ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന സഞ്ചാരമാർഗവുമായ പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്.

ചെറുതും വലുതുമായ നിരവധി വെള്ളപ്പൊക്കങ്ങളാണ് ചപ്പാത്ത് പാലം ഇതുവരെ അതിജീവിച്ചത്. 2021ൽ കൂട്ടിക്കൽ മേഖലയിലുണ്ടായ മഹാപ്രളയത്തിൽ നിരവധി പാലങ്ങൾ തകർന്നപ്പോഴും ചപ്പാത്ത് പാലം പിടിച്ചുനിന്നു. എന്നാൽ പ്രളയത്തിൽ പാലത്തിന്റെ കൈവരികൾ പൂർണമായും തകരുകയും പാലത്തിന് ബലക്ഷയം സംഭവിക്കുകയും ചെയ്തിരുന്നു.

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ പുല്ലുകയാർ കരകവിഞ്ഞൊഴുകിയതോടെ വലിയ തടിക്കഷണങ്ങളും മാലിന്യങ്ങളും പാലത്തിന്റെ തൂണുകളിൽ വന്നടിഞ്ഞിരുന്നു. മണ്ണുമാന്തി യന്ത്രവും ക്രെയിനും ഉപയോഗിച്ച് ഇവ നീക്കം ചെയ്തെങ്കിലും തുടർന്നുണ്ടായ മഴയിൽ വീണ്ടും തടിക്കഷണങ്ങളും മാലിന്യങ്ങളും പാലത്തിനടിയിൽ അടിഞ്ഞുകൂടി.

ഉയരം കുറഞ്ഞ പാലത്തിൽ പത്തോളം തൂണുകളാണുള്ളത്. ശക്തമായ ഒഴുക്കിനൊപ്പം എത്തുന്ന തടികളും മാലിന്യങ്ങളും തൂണുകളിൽ തങ്ങിനിൽക്കുന്നത് ഒഴുക്കിന് തടസ്സമാകുകയും പ്രദേശത്ത് വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. മഴക്കാലത്ത് പാലത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയും ഇതോടെ ശക്തമാണ്.

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ നിലവിലെ അവസ്ഥയും പ്രദേശത്തെ നിരന്തരമായ വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്ത് ചപ്പാത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ പാലം അടിയന്തരമായി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4