നാഗമ്പടം ബസ് സ്റ്റാൻഡിലേക്കുള്ള യാത്ര ദുരിതം; മലിനജലവും മാലിന്യവും യാത്രക്കാർക്ക് ഭീഷണി

നാഗമ്പടം ബസ് സ്റ്റാൻഡിലേക്കുള്ള യാത്ര ദുരിതം; മലിനജലവും മാലിന്യവും യാത്രക്കാർക്ക് ഭീഷണി

കോട്ടയം: മൂക്കുപൊത്താതെയും മലിനജലത്തിൽ ചവിട്ടാതെയും എം.സി. റോഡിലെ ബസ് സ്റ്റോപ്പിൽനിന്ന് നാഗമ്പടം ബസ് സ്റ്റാൻഡിലെത്താൻ കഴിയാത്ത സ്ഥിതിയെന്ന് യാത്രക്കാരുടെ പരാതി. റെയിൽവേ മേൽപ്പാലം വഴി സ്റ്റാൻഡിലേക്ക് എത്തുന്ന ഭാഗത്ത് മലിനജലം കെട്ടിക്കിടക്കുന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.

കംഫർട്ട് സ്റ്റേഷനിൽ നിന്നുൾപ്പെടെയുള്ള മലിനജലം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവുമുണ്ട്. നേരത്തെയും കംഫർട്ട് സ്റ്റേഷനിൽനിന്ന് മലിനജലം ഒഴുകിയതിനെ തുടർന്ന് സ്ഥാപനം ഏറെനാൾ അടച്ചിട്ടിരുന്നു.

Slide 1
Slide 2
Slide 3
Slide 4

നാഗമ്പടം സ്റ്റാൻഡിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുകയും മടങ്ങുകയും ചെയ്യുന്നത് എം.സി. റോഡിൽനിന്ന് റെയിൽവേ മേൽപ്പാലം വഴിയാണ്. ബസ് ലഭിക്കുമോയെന്ന ആശങ്കയിൽ തിരക്കിട്ട് ഓടുന്ന യാത്രക്കാർ പലപ്പോഴും മലിനജലത്തിലൂടെ ചാടിക്കടക്കേണ്ട സ്ഥിതിയിലാണ്. മേൽപ്പാലത്തിൽനിന്ന് ഇറങ്ങി കംഫർട്ട് സ്റ്റേഷനു മുന്നിലൂടെയാണ് സ്റ്റാൻഡിലേക്ക് പോകേണ്ടത്.

കംഫർട്ട് സ്റ്റേഷനു മുന്നിൽ നിർമാണ ആവശ്യത്തിനായി ഇഷ്ടിക കൂട്ടിയിട്ടിരിക്കുന്നതും യാത്രക്കാർക്ക് തടസ്സമാകുന്നുണ്ട്. ഇതിനോടു ചേർന്നാണ് മലിനജലം കെട്ടിക്കിടക്കുന്നത്. പള്ളിയിലെ തിരക്ക് കൂടുതലുള്ള ചൊവ്വാഴ്ചകളിൽ യാത്രക്കാരുടെ ദുരിതം ഇരട്ടിയാകുന്നതായും പരാതിയുണ്ട്.

സ്റ്റാൻഡിന്റെ മറ്റ് ഭാഗങ്ങളിലും മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്. കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ സ്റ്റാൻഡ് മുങ്ങിയതോടെ ചില ഭാഗങ്ങളിലെ മാലിന്യം ഒഴുകിപ്പോയെങ്കിലും മറ്റു ഭാഗങ്ങളിൽ മാലിന്യം അടിഞ്ഞുകൂടി. സ്റ്റാൻഡ് കെട്ടിടത്തോടു ചേർന്നുള്ള ഓടകളിലും മലിനജലം കെട്ടിക്കിടക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

സ്ലാബുകൾ മാറിക്കിടക്കുന്ന ഭാഗങ്ങളിൽ യാത്രക്കാർ വീഴുന്നതും പതിവാണ്. സ്റ്റാൻഡിന്റെ കിഴക്കുഭാഗത്ത് റെയിൽവേ മതിലിനോടു ചേർന്ന് മാലിന്യച്ചതുപ്പും രൂപപ്പെട്ടിട്ടുണ്ട്. സ്റ്റാൻഡിനുള്ളിലും മാലിന്യം കുമിഞ്ഞുകൂടുന്നതായി പരാതിയുണ്ട്.

Slide 1
Slide 2
Slide 3
Slide 4

വ്യാപാരികൾ സ്വന്തം നിലയിൽ മാലിന്യം നീക്കം ചെയ്യുന്നതൊഴിച്ചാൽ സ്റ്റാൻഡിലെ ശുചീകരണത്തിൽ അധികൃതർ കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. മലിനജലവും മാലിന്യവും അടിയന്തരമായി നീക്കം ചെയ്ത് യാത്രക്കാർക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം.