37 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി കർണാടകയിൽ പിടിയിൽ
കട്ടപ്പന: 37 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കർണാടകയിൽ നിന്ന് പിടികൂടി. കൽകൂന്തൽ വില്ലേജിലെ ഇരട്ടയാർ നോർത്ത് മക്കൊള്ളിൽ വീട്ടിൽ ടൈറ്റി എന്നറിയപ്പെടുന്ന തോമസ് (61) ആണ് പിടിയിലായത്.
1989ൽ ഇരട്ടയാർ നോർത്ത് ഭാഗത്ത് അയൽവാസിയെ കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തെ തുടർന്ന് കേസെടുത്തതോടെയാണ് തോമസ് നാടുവിട്ടത്. പിന്നീട് ഇയാൾ വർഷങ്ങളായി പോലീസിന്റെ പിടിയിലാകാതെ ഒളിവിൽ കഴിയുകയായിരുന്നു.
കർണാടകയിലെ കൂർഗ് ജില്ലയിലെ സിദ്ധാപുരം ഭാഗത്തുനിന്ന് ഓഗസ്റ്റ് 18ന് ജില്ലാ പോലീസ് മേധാവിയുടെ എൽ.പി. സ്ക്വാഡും കട്ടപ്പന പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സജുരാജും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് ഓഗസ്റ്റ് 19ന് തോമസിനെ കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തിച്ചു. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു





