ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചാൽ കർശന നടപടി; കുമളിയിൽ 24 മണിക്കൂർ പ്രത്യേക സ്ക്വാഡ്

ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചാൽ കർശന നടപടി; കുമളിയിൽ 24 മണിക്കൂർ പ്രത്യേക സ്ക്വാഡ്

കുമളി: ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കുമളി ചെക്ക് പോസ്റ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഭക്ഷ്യസുരക്ഷാ സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു. പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് സ്ക്വാഡിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.

മൊബൈൽ ലാബിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമേ ഭക്ഷ്യവസ്തുക്കൾ കേരളത്തിലേക്ക് കൊണ്ടുവരാൻ അനുവദിക്കുകയുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഓണക്കാലത്ത് മലയാളികൾ വ്യാപകമായി ഉപയോഗിക്കുന്ന വിവിധ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തും.

Slide 1
Slide 2
Slide 3
Slide 4

ജൂലൈ അവസാനവാരം ആരംഭിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പ്രത്യേക സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചത്. ഹോട്ടലുകൾ, ചിപ്സ് നിർമാണ യൂണിറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

257 പരിശോധനകൾ; 1.56 ലക്ഷം രൂപ പിഴ

ഇതുവരെ ജില്ലയിൽ 257 പരിശോധനകൾ നടത്തി. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 25 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 18 സ്ഥാപനങ്ങൾക്ക് കോംപൗണ്ടിംഗ് നോട്ടീസും ഒൻപത് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നൽകി.

Slide 1
Slide 2
Slide 3
Slide 4

പരിശോധനയുടെ ഭാഗമായി 42 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 79 സർവെയലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധിച്ചു.

Slide 1
Slide 2
Slide 3
Slide 4

ദേവികുളം സർക്കിളിന്റെ പരിധിയിലെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകളുടെ അടിസ്ഥാനത്തിൽ ദേവികുളം ഭക്ഷ്യസുരക്ഷാ ഓഫീസിൽ നടന്ന ഫയൽ തീർപ്പാക്കൽ അദാലത്തിൽ 16 കച്ചവടക്കാരിൽനിന്നായി 34,000 രൂപ പിഴ ഈടാക്കി. പ്രത്യേക പരിശോധന ആരംഭിച്ചതിന് ശേഷം ഇടുക്കി ഡെസിഗ്നേറ്റഡ് ഓഫീസർ 1,56,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.

തൊടുപുഴയിൽ പ്രവർത്തിക്കുന്ന പെരുത്തോസ് കിച്ചൺ എന്ന സ്ഥാപനത്തിന് ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ചതിന് 5,000 രൂപ പിഴ ചുമത്തി. ദേവികുളം സർക്കിളിലെ ആനച്ചാലിൽ പ്രവർത്തിക്കുന്ന പുത്തൻപുരയ്ക്കൽ ഹൈപ്പർമാർക്കറ്റിന് ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് ദേവികുളം ആർ.ഡി.ഒ 5,000 രൂപ പിഴ ചുമത്തി.

വാഴയിലയിലും ശ്രദ്ധ വേണം

ഓണസദ്യയിലെ പ്രധാന ഘടകമായ വാഴയിലയുടെ ശുചിത്വത്തിലും ശ്രദ്ധ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഭക്ഷ്യവസ്തുവിന്റെ ഗണത്തിൽ വാഴയില ഉൾപ്പെടുന്നില്ലെങ്കിലും ഭക്ഷണം വിളമ്പുന്നതുമായി നേരിട്ട് ബന്ധപ്പെട്ടതിനാൽ ശുചിത്വം ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

ഭക്ഷണത്തിനായി ഉപയോഗിക്കുന്ന വാഴയില നന്നായി കഴുകിയശേഷം വൃത്തിയുള്ള തുണിയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് തുടച്ചശേഷം മാത്രമേ സദ്യ വിളമ്പാൻ ഉപയോഗിക്കാവൂ എന്നും വകുപ്പ് നിർദേശിച്ചു.

ഭക്ഷ്യസംബന്ധമായ പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.