ശുചിമുറി മാലിന്യം നിറഞ്ഞൊഴുകിയ അവസ്ഥയിൽ; പകർച്ചവ്യാധി ഭീഷണിയിൽ ഇടുക്കി മെഡിക്കൽ കോളേജ്

മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിർമാണമെന്ന് ആരോപണം ഉയരുന്നു

ശുചിമുറി മാലിന്യം നിറഞ്ഞൊഴുകിയ അവസ്ഥയിൽ; പകർച്ചവ്യാധി ഭീഷണിയിൽ ഇടുക്കി മെഡിക്കൽ കോളേജ്

ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പുതിയ ബ്ലോക്കില്‍ ശുചിമുറി ടാങ്കിലെ മാലിന്യം നിറഞ്ഞൊഴുകുന്നതായി പരാതി . പകർച്ചവ്യാധി ഭീഷണി ഉയർന്നിട്ടും പ്രശ്നപരിഹാരത്തിനായി അധികൃതര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല എന്നും ആക്ഷേപം ഉയരുന്നു.

Slide 1
Slide 2
Slide 3
Slide 4

ദുർഗന്ധവും രോഗാണുക്കളുമുള്ള വെള്ളത്തില്‍ ചവിട്ടിയാണ് രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും നടക്കേണ്ടി വരുന്നത്. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുന്നിലാണ് സെപ്റ്റിക് ടാങ്കുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിലൊന്ന് നിറഞ്ഞൊഴുകുന്നതിനൊപ്പം മറ്റു ഭാഗങ്ങളില്‍നിന്നെത്തുന്ന മലിന ജലവും ചേർന്ന് റോഡിലൂടെ ഒഴുകുകയാണ്.

രോഗികള്‍ പോലും റോഡില്‍ ഒഴുകുന്ന മലിന ജലത്തില്‍ ചവിട്ടിക്കയറിയാണ് പുതിയ ബ്ലോക്കിലേക്ക് പ്രവേശിക്കുന്നത്. 

മൂന്നു നിലകളുള്ള കെട്ടിടത്തില്‍ ദിവസേന ശരാശരി ആയിരത്തിലധികം രോഗികളും കൂട്ടിരിപ്പുകാരും ഒട്ടേറെ ജീവനക്കാരും എത്തുന്ന സാഹചര്യത്തില്‍ പോലും, ആവശ്യത്തിന് വലിപ്പമുള്ള ശുചിമുറി ടാങ്കുകൾ നിര്‍മിച്ചില്ലെന്നായിരുന്നു നിര്‍മാണ ഘട്ടത്തിലെ വിമര്‍ശനം.

കൂടാതെ, ടാങ്കുകളുടെ ചുറ്റും സംരക്ഷണ ഭിത്തി ഇല്ലാത്തതിനാല്‍ ഭിത്തികളില്‍ വിള്ളലുകളും പൊട്ടലുകളും സംഭവിച്ചിട്ടുണ്ട്.